ബംഗളൂരു: ഫേസ്ബുക്ക് പൂട്ടിക്കുമെന്ന മുന്നറിയിപ്പുമായി കർണാടക ഹൈകോടതി. കേസന്വേഷണത്തിൽ കർണാടക പൊലീസിനോട് സഹകരിച്ചില്ലെങ്കിൽ പൂട്ടാൻ ഉത്തരവിടുമെന്നാണ് കോടതിയുടെ മുന്നറിയിപ്പ്. സൗദി അറേബ്യയിൽ ജയിലിലായ ഇന്ത്യൻ പൗരനെ സംബന്ധിച്ച കേസിലാണ് കോടതി മുന്നറിയിപ്പ്.
ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിതാണ് ഫേസ്ബുക്കിനെ കടുത്ത ഭാഷയിൽ വിമർശിച്ചത്. കവിത എന്നയാൾ നൽകിയ ഹരജി പരിഗണിക്കുമ്പോഴായിരുന്നു വിമർശനം. ഒരാഴ്ചക്കുള്ളിൽ കേസുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും ലഭ്യമാക്കണമെന്ന് ഫേസ്ബുക്കിനോട് ജഡ്ജി ആവശ്യപ്പെട്ടു. ഇന്ത്യൻ പൗരൻ സൗദിയിൽ അറസ്റ്റിലായതിനെ തുടർന്ന് എന്ത് നടപടിയെടുത്തുവെന്ന് വിശദമാക്കാൻ കേന്ദ്രസർക്കാറിനോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് ജൂൺ 22ന് പരിഗണിക്കാൻ മാറ്റി.
കഴിഞ്ഞ 25 വർഷമായി സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന ഭർത്താവ് ശൈലേഷ് കുമാറിനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടാണ് കവിതയുടെ ഹരജി. സി.എ.എയും എൻ.ആർ.സിയേയും അനുകൂലിച്ച് ശൈലേഷ് കുമാർ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഇതിന് പിന്നാലെ ഇയാളുടെ പേരിലുണ്ടാക്കിയ വ്യാജ അക്കൗണ്ടിലുടെ സൗദി രാജാവിനെ അപമാനിച്ച് കുറിപ്പുകൾ വന്നുവെന്നും തുടർന്ന് ഇയാൾ കള്ളക്കേസിൽ അവിടെ അറസ്റ്റിലായെന്നുമാണ് കവിതയുടെ പരാതി. ഇതുമായി ബന്ധപ്പെട്ട് കേസന്വേഷണത്തിനിടെ മംഗളൂരു പൊലീസ് ഫേസ്ബുക്കിൽ നിന്നും വിവരങ്ങൾ തേടിയെങ്കിലും ലഭ്യമാക്കിയില്ല. തുടർന്നാണ് കോടതി രൂക്ഷമായ ഭാഷയിൽ മുന്നറിയിപ്പ് നൽകിയത്.