ഡോ.വന്ദന കൊലക്കേസ് പ്രതി സന്ദീപിന് സാമൂഹ്യവിരുദ്ധ വ്യക്തിത്വ വൈകല്യം, മെഡിക്കൽ ബോര്‍ഡ് റിപ്പോര്‍ട്ട്

news image
Jun 15, 2023, 5:20 am GMT+0000 payyolionline.in

തിരുവനന്തപുരം: ഡോ. വന്ദനദാസ് കൊലക്കേസ് പ്രതി സന്ദീപ് സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങൾ ചെയ്യാൻ പ്രവണതയുള്ളയാളെന്ന് മെഡിക്കൽ ബോര്‍ഡ് റിപ്പോര്‍ട്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ‍ഡോ.മോഹൻ റോയിയുടെ നേതൃത്വത്തിലുള്ള വിദഗ്ദ സംഘം കൊട്ടാരക്കര കോടതിയിൽ റിപ്പോര്‍ട്ട് നൽകി. കൊലപാതക സമയത്ത് സന്ദീപ് ലഹരി ഉപയോഗിച്ചിരുന്നോയെന്നതിൽ തെളിവുകൾ അന്വേഷണസംഘത്തിന് ലഭിച്ചിട്ടില്ല.പ്രധാനപ്പെട്ട മൂന്ന് കണ്ടെത്തലാണ് എട്ടംഗ ഡോക്ടര്‍മാരുടെ വിദഗ്ധസംഘം കോടതിയിൽ നൽകിയത്.

സാമൂഹ്യവിരുദ്ധ വ്യക്തിത്വ വൈകല്യം അഥവാ ആന്‍റി സോഷ്യൽ പേഴ്‍സനാലിറ്റി ഡിസോര്‍ട്ടിന് അടിമയാണ് സന്ദീപ്. നിരന്തര മദ്യപാനവും ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗവും സന്ദീപിന്‍റെ മാനസിക നിലയെ സ്വാധീനിച്ചു. ലഹരി ഉപയോഗം നിര്‍ത്തുമ്പോഴോ  ലഹരി കിട്ടാതെ വരുമ്പോഴോ ഉള്ള മാനസിക വിഭ്രാന്തിയും  ഉണ്ടായിരുന്നുവെന്നാണ് പരിശോധനയിലെ കണ്ടെത്തൽ. എന്നാൽ കൊലപാതകത്തിലേക്ക് നയിച്ച ഘടകം എന്തെന്ന് റിപ്പോര്‍ട്ടിലില്ല. 10 ദിവസം മെഡിക്കൽ കോളേജിലെ സെല്ലിലാണ്  സന്ദീപിനെ പരിശോധിച്ചത്. സൈക്യാട്രി, ന്യൂറോ, ജനറൽ മെഡിസിൻ മേധാവികളും സംഘത്തിലുണ്ടായിരുന്നു. മദ്യലഹരിയിലും അല്ലാതെയും സന്ദീപ് ബന്ധുക്കളേയും മറ്റുള്ളവരേയും ആക്രമിച്ചതുൾപ്പെടെയുള്ള വിവരങ്ങൾ ക്രൈംബ്രാഞ്ച് സംഘം പരിശോധിച്ചിരുന്നു.

പരമാവധി തെളിവുകൾ ശേഖരിച്ച് അന്വേഷണം പൂര്‍ത്തിയാക്കാനാണ് നീക്കം. കഴിഞ്ഞമാസം 10നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ വച്ച് ഡോ.വന്ദനാദാസിനെ സന്ദീപ് ആക്രമിച്ച് കൊന്നത്

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe