ബിഹാർ: 14 -കാരനെ കൊന്ന മുതലയെ നാട്ടുകാർ വെള്ളത്തിൽ നിന്നും കരയിലേക്ക് വലിച്ചുകയറ്റി വടികൊണ്ട് അടിച്ച് കൊന്നു. സംഭവം നടന്നത് ബിഹാറിൽ. ഒരു പുതിയ മോട്ടോർസൈക്കിൾ വാങ്ങുക എന്നത് ആ 14 -കാരന്റെ സ്വപ്നമായിരുന്നു. അങ്ങനെ ആ ആഗ്രഹം സഫലമായി. അതുമായി കുളിക്കുന്നതിനും സൈക്കിളിന് പൂജ നടത്തുന്നതിന് വേണ്ടി ഗംഗാജലം എടുക്കാനും വേണ്ടി ഗംഗയിലേക്ക് പോയതായിരുന്നു അവനും കുടുംബവും. അവിടെവച്ചാണ് മുതല കുട്ടിയെ ജീവനോടെ തിന്നത്. ഇതോടെ രോഷാകുലരായ കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് മുതലയെ തല്ലിക്കൊല്ലുകയായിരുന്നു.
ബിഹാറിലെ വൈശാലി ജില്ലയിലെ രാഘോപൂർ ദിയാരയിൽ നിന്നുള്ള അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് മുതലയുടെ അക്രമണത്തിൽ കൊല്ലപ്പെട്ട അങ്കിത് കുമാർ. അവന്റെ കുടുംബം അവന് പുതിയ മോട്ടോർ സൈക്കിൾ വാങ്ങി നൽകുകയായിരുന്നു. പിന്നാലെയാണ് അവൻ അതുമായി ഗംഗയിലെത്താൻ തീരുമാനിക്കുന്നത്. കുടുംബം കുളിച്ച് കൊണ്ടിരിക്കുന്നതിനിടയിലാണ് കുട്ടിയെ മുതല വെള്ളത്തിനടിയിലേക്ക് വലിച്ചിടുന്നതും അവനെ ജീവനോടെ തിന്നുന്നതും.
ഒരു മണിക്കൂറിന് ശേഷമാണ് കുടുംബത്തിന് അങ്കിതിന്റെ ശരീരാവശിഷ്ടങ്ങൾ ഗംഗയിൽ നിന്നും കണ്ടെത്താൻ സാധിക്കുന്നത്. അപ്പോഴേക്കും പുഴക്കരയിൽ വലിയ ജനക്കൂട്ടം തന്നെ തടിച്ച് കൂടിയിരുന്നു. പിന്നാലെ, രോഷാകുലരായ ജനക്കൂട്ടം പുഴയിൽ നിന്നും മുതലയെ വലിച്ച് കരയിലേക്കിട്ടു. പിന്നാലെ വടിയും മറ്റ് ഉപയോഗിച്ച് കൊണ്ട് മുതലയെ തല്ലിക്കൊല്ലുകയും ആയിരുന്നു എന്ന് റിപ്പോർട്ടുകൾ പറയുന്നു. മുതല ചത്തു എന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമാണ് നാട്ടുകാർ അക്രമം അവസാനിപ്പിച്ചത്.
അങ്കിതിന്റെ മുത്തച്ഛൻ സകൽദീപ് ദാസ് പറഞ്ഞത് ഇങ്ങനെ, “ഞങ്ങൾ ഒരു പുതിയ മോട്ടോർ സൈക്കിൾ വാങ്ങി, ഗംഗയിൽ കുളിക്കാനും പൂജയ്ക്കായി ഗംഗാജലം എടുക്കാനും വേണ്ടി പോയതായിരുന്നു. അപ്പോൾ ഒരു മുതല അവനെ പിടികൂടി കൊന്നുകളഞ്ഞു. ഞങ്ങൾക്ക് അങ്കിതിന്റെ അവശിഷ്ടങ്ങൾ മാത്രമാണ് കിട്ടിയത്. മണിക്കൂറുകൾക്ക് ശേഷം മുതലയെയും പുറത്തെടുത്ത് കൊല്ലുകയായിരുന്നു.”