മലപ്പുറം: താനൂർ ബോട്ട് ദുരന്തത്തിൽ അറസ്റ്റിലായ 2 തുറമുഖ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു. നാസറിന്റെ ബോട്ടിന് ചട്ടങ്ങൾ ലംഘിച്ചു സർവീസ് നടത്താൻ വഴിവിട്ട് സഹായം ചെയ്തെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണിത്. പൊന്നാനിയിലെ യാർഡിൽ വെച്ച് ബോട്ട് രൂപമാറ്റം വരുത്തുമ്പോൾ തന്നെ പരാതി ലഭിച്ചിരുന്നെങ്കിലും നടപടിയെടുത്തിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് പോർട്ട് കൺസർവേറ്റർ പ്രസാദിനെയും സർവേയർ സെബാസ്റ്റ്യനെയും പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. നേരത്തെ അറസ്റ്റിലായ ബോട്ടുടമ നാസറിനും ജീവനക്കാർക്കുമെതിരെ കൊലക്കുറ്റം ചുമത്തിയാണ് കേസെടുത്തത്. ഇതോടെ ഉദ്യോഗസ്ഥരടക്കം പ്രതികളായ എല്ലാവർക്കെതിരെയും കൊലക്കുറ്റം ചുമത്തി.
കേരളം നടുങ്ങിയ താനൂർ ബോട്ട് ദുരന്തം നടന്ന് ഒരു മാസം പിന്നിടുമ്പോഴാണ് ഉദ്യോഗസ്ഥരെക്കൂടി കേസിൽ കൂട്ടുപ്രതികൾ ആക്കുന്നത്. നിയമങ്ങൾ കാറ്റിൽ പറത്തിയാണ് അപകടത്തിൽപ്പെട്ട അറ്റ്ലാൻറിക്ക ബോട്ട് സർവീസ് നടത്തിയതെന്ന് തെളിയിക്കുന്ന രേഖകൾ ബേപ്പൂർ ആലപ്പുഴ തുറമുഖ ഓഫീസുകളിൽ നിന്ന് നേരത്തെ തന്നെ അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു. മത്സ്യ ബന്ധന ബോട്ട് പൊന്നാനിയിലെ അനധികൃത യാർഡിൽ വെച്ചു രൂപമാറ്റം വരുത്തുന്ന ഘട്ടത്തിൽ തന്നെ ഇതിനെതിരെ പരാതി ലഭിച്ചിരുന്നു. അതൊന്നും മുഖവിലയ്ക്ക് എടുക്കാതെ അനുമതികൾ നൽകിയെന്നാണ് ബേപ്പൂർ പോർട്ട് കാൻസർവേറ്റർ ആയ പ്രസാദിനെതിരെയുള്ള കണ്ടെത്തൽ. പരാതികൾ ലഭിച്ച കാര്യം ഒരിടത്തും രേഖപ്പെടുത്തിയില്ല. ബോട്ടിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയതിൽ ചീഫ് സർവേയർ സെബാസ്റ്റ്യനും വീഴ്ചകൾ വരുത്തി.
രണ്ടു പേരെയും നേരത്തെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ബോട്ടിന് രജിസ്ട്രേഷൻ നൽകുന്നതിന് മാരിടൈം സിഇഒ സമ്മർദം ചെലുത്തിയെന്ന വിവരങ്ങൾ പുറത്തു വന്നിരുന്നു. നിർമാണം പൂർത്തിയായ ശേഷമാണ് ബോട്ടുടമ നാസർ രജിസ്ട്രേഷന് അപേക്ഷ നൽകിയത്. അപേക്ഷ പരിഗണിച്ച് പിഴ ഈടാക്കി തുടർനടപടി സ്വീകരിക്കാൻ മാരിടൈം ബോർഡ് സിഇഒ സലിംകുമാർ നിർദ്ദേശിക്കുകയായിരുന്നു. ബോട്ടിന്റെ ഉടമ നാസർ ഉൾപ്പെടെ 9 പേർ നേരത്തെ അറസ്റ്റിലായിരുന്നു. പോലീസ് അന്വേഷണത്തിന് പുറമേ ജുഡീഷ്യൽ അന്വേഷണവും താനൂർ ബോട്ട് ദുരന്തത്തിൽ പുരോഗമിക്കുകയാണ്.