യുഎഇയില്‍ 30 പ്രവാസികള്‍ക്ക് 96 വര്‍ഷം തടവും 3.2 കോടി ദിര്‍ഹം പിഴയും; ഏഴ് കമ്പനികള്‍ക്കും വന്‍തുക പിഴ

news image
Jun 13, 2023, 8:27 am GMT+0000 payyolionline.in

അബുദാബി: യുഎഇയില്‍ 30 വിദേശികള്‍ അടങ്ങിയ സംഘവും ഏഴ് കമ്പനികളും കള്ളപ്പണ കേസുകളിലും തട്ടിപ്പുകളിലും പ്രതിയാണെന്ന് കോടതി കണ്ടെത്തി. വ്യക്തികളെയും സ്ഥാപനങ്ങളെയും ലക്ഷ്യം വെച്ച് ഇവര്‍ നടത്തിയ തട്ടിപ്പുകളില്‍ 3.2 കോടി ദിര്‍ഹം കവര്‍ന്നതായും കോടതിയില്‍ തെളിഞ്ഞു.

30 പ്രവാസികള്‍ അടങ്ങിയ തട്ടിപ്പ് സംഘത്തിലെ എല്ലാവര്‍ക്കും കൂടി ആകെ 96 വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് ദുബൈയില്‍ കള്ളപ്പണ കേസുകള്‍ കൈകാര്യം ചെയ്യുന്ന കോടതി കഴിഞ്ഞ ദിവസം ശിക്ഷ വിധിച്ചത്. ശിക്ഷ അനുഭവിച്ച ശേഷം ഇവരെ എല്ലാവരെയും യുഎഇയില്‍ നിന്ന് നാടുകടത്തും. പ്രതികള്‍ എല്ലാവരും ചേര്‍ന്ന് 3.2 കോടി ദിര്‍ഹം പിഴ അടയ്ക്കണമെന്നും കോടതി വിധിയിലുണ്ട്. തട്ടിപ്പുകള്‍ക്ക് ഉപയോഗിച്ച കംപ്യൂട്ടറുകളും ഫോണുകളും പിടിച്ചെടുക്കും.

30 അംഗ സംഘത്തിന് പുറമെ തട്ടിപ്പ് കേസുകളില്‍ പങ്കാളിത്തമുണ്ടെന്ന് കണ്ടെത്തിയ ഏഴ് കമ്പനികള്‍ക്ക് ഏഴ് ലക്ഷം ദിര്‍ഹം പിഴ ചുമത്തിയിട്ടുമുണ്ട്. ഈ കമ്പനികളുടെയും വ്യക്തികളുടെയും ആസ്തികള്‍ പിടിച്ചെടുത്ത് പിഴത്തുക ഈടാക്കണമെന്ന് കോടതി നിര്‍ദേശിച്ചു. കള്ളപ്പണ, സാമ്പത്തിക തട്ടിപ്പ് കേസുകളില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് നേരത്തെ പബ്ലിക് പ്രോസിക്യൂഷന്‍ മേധാവി അറിയിച്ചിരുന്നു. ഏതാണ്ട് 1,18,000 വ്യാജ ഇ-മെയിലുകള്‍ അയച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്. ബാങ്കുകളുടെയും മറ്റ് ധനകാര്യ സ്ഥാപനങ്ങളുടെയും പേരില്‍ ഉപഭോക്താക്കളെ ബന്ധപ്പെട്ട് അവരെ കബളിപ്പിച്ച് പണം തട്ടുകയായിരുന്നു.

തട്ടിയെടുക്കുന്ന പണം പല അക്കൗണ്ടുകളിലേക്ക് മാറ്റുകയും ഇവയുടെ ഉറവിടം മറച്ചുവെയ്ക്കാനായി പഴയ കാറുകള്‍ വാങ്ങുകയും ചെയ്തിരുന്നുവെന്ന് കേസ് രേഖകള്‍ പറയുന്നു. കള്ളപ്പണ ഇടപാടുകളും സാമ്പത്തിക തട്ടിപ്പുകളും ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങളും തടയുന്നതിനും ഇത്തരം സംഭവങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും യുഎഇ അധികൃതര്‍ സദാ ജാഗ്രത പുലര്‍ത്തുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe