ന്യൂഡൽഹി: പഞ്ചാബിലെ അമൃത്സറിൽ നിന്നും പറന്നുയർന്ന ഇൻഡിഗോ വിമാനം മോശം കാലാവസ്ഥ മൂലം പാകിസ്താൻ അതിർത്തിയിൽ പ്രവേശിച്ചു. ശനിയാഴ്ച വൈകീട്ടാണ് അമൃത്സറിൽ നിന്നുള്ള വിമാനം അടാരിയിൽ നിന്ന് പാകിസ്താൻ എയർസ്പേസിലേക്ക് പോയത്. 30 മിനിറ്റിന് ശേഷം പ്രശ്നങ്ങളൊന്നുമില്ലാതെ വിമാനം ഇന്ത്യൻ അതിർത്തിയിൽ തിരിച്ചെത്തി.ശനിയാഴ്ച വൈകീട്ട് ഏഴരയോടെ വടക്കൻ ലാഹോറിനടുത്ത് വിമാനമെത്തുമ്പോൾ 454 നോട്ട് വേഗമാണുണ്ടായിരുന്നത്. തുടർന്ന് 8.01ഓടെ വിമാനം ഇന്ത്യയിൽ തിരിച്ചെത്തിയതായും റിപ്പോർട്ട് ചെയ്തു.
അമൃത്സറിൽ നിന്നും അഹമ്മദാബാദിലേക്ക് പറന്ന ഇൻഡിഗോ വിമാനം മോശം കാലാവസ്ഥ കൊണ്ട് പാകിസ്താനിൽ എത്തിയെന്ന വിവരം ഇൻഡിഗോ വക്താവ് സ്ഥിരീകരിച്ചു. ഇൻഡിഗോയുടെ 6E-645 എന്ന വിമാനമാണ് അടാരിയിൽ നിന്നും വഴിമാറി പറന്നത്. ഇക്കാര്യം പാകിസ്താൻ അധികൃതരെ അറിയിച്ചിരുന്നുവെന്നും ഇൻഡിഗോ വക്താവ് വ്യക്തമാക്കി. അഹമ്മദാബാദിൽ ഫ്ലൈറ്റ് ലാൻഡ് ചെയ്യുന്നത് വരെ പാകിസ്താനുമായി ബന്ധപ്പെട്ടിരുന്നുവെന്നും ഇൻഡിഗോ അറിയിച്ചു.