തിരുവമ്പാടി: കൂടരഞ്ഞി കക്കാടംപൊയിൽ തേനരുവിയിൽ കൃഷി നശിപ്പിച്ച കാട്ടാനയെ തുരത്താൻ പടക്കം പൊട്ടിക്കുന്നതിനിടെ വനംവകുപ്പ് ജീവനക്കാരനു ഗുരുതര പരുക്ക്. വനം വകുപ്പ് താമരശ്ശേരി റേഞ്ചിന് കീഴിലുള്ള പീടികപ്പാറ സെക്ഷനിലെ താൽക്കാലിക ജീവനക്കാരനായ വാച്ചർ കൂമ്പാറ ചെറുകുണ്ടിൽ സി.കെ. മുജീബ് റഹ്മാനാ(46)ണ് കയ്യിലെ പടക്കം പൊട്ടിത്തെറിച്ചു പരുക്കേറ്റത്.
ഇടതു കയ്യിലെ ചൂണ്ടുവിരൽ ഒഴികെ മറ്റ് വിരലുകളെല്ലാം തകർന്നു. കഴിഞ്ഞദിവസം രാത്രിയാണു സംഭവം. താമരശ്ശേരി ആർആർടിയുടെയും പീടികപ്പാറ സെക്ഷന്റെയും നേതൃത്വത്തിൽ 8 അംഗം സംഘം കാട്ടാനയെ തുരത്തുന്നതിനിടെയാണു സംഭവം.
തേനരുവി കൊല്ലി ബിജുവിന്റെ കൃഷിയിടത്തിൽ എത്തിയ ആനയെ തുരത്താൻ വനപാലകർ ശ്രമിച്ചപ്പോഴാണ് അപകടം. കാട്ടാന ശല്യത്തിനെതിരെ കർഷക രോഷം ശക്തമായതോടെയാണു വനപാലകർ രാത്രി പട്രോളിങ് ശക്തമാക്കിയത്. കഴിഞ്ഞ ഏതാനും മാസത്തിനുള്ളിൽ ഏക്കർ കണക്കിനു കൃഷിയാണു കാട്ടാന നശിപ്പിച്ചത്.