മധ്യപ്രദേശിൽ തീവ്ര ഹിന്ദുത്വ സംഘടനയായ ബജ്റങ് സേന കോൺഗ്രസിൽ ലയിച്ചു

news image
Jun 7, 2023, 5:55 am GMT+0000 payyolionline.in

ഭോപ്പാൽ∙ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന മധ്യപ്രദേശിൽ, തീവ്ര ഹിന്ദുത്വ സംഘടനയായ ബജ്റങ് സേന കോൺഗ്രസിൽ ലയിച്ചു. തീവ്ര ഹിന്ദുത്വ ആശയങ്ങളുമായി സജീവമായ, ആർഎസ്എസ് –ബിജെപി ബന്ധമുള്ള സംഘടനയാണ്, അപ്രതീക്ഷിത നീക്കത്തിലൂടെ കോൺഗ്രസിൽ ലയിച്ചത്. ആർഎസ്എസുമായി അടുത്ത ബന്ധം പുലർത്തുന്ന മുതിർന്ന ബിജെപി നേതാവു കൂടിയായ ബജ്റങ് സേന കൺവീനർ രഘുനന്ദൻ ശർമ തൽസ്ഥാനം രാജിവച്ച് കോൺഗ്രസിൽ അംഗത്വമെടുത്തു. ഇനിമുതൽ കോൺഗ്രസിന്റെയും മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ കമൽനാഥിന്റെയും ആശയങ്ങളെ ഏറ്റെടുക്കുകയാണെന്ന് ശർമയുടെ സാന്നിധ്യത്തിൽ ബജ്റങ് സേന ദേശീയ പ്രസിഡന്റ് രൺവീർ പടേറിയ പ്രഖ്യാപിച്ചു.

കഴിഞ്ഞ മാസം ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന മുൻ മന്ത്രി ദീപക് ജോഷിയാണ് ഈ ലയനത്തിന് ചുക്കാൻ പിടിച്ചതെന്നാണ് വിവരം. ലയന ചടങ്ങിൽ മുതിർന്ന കോൺഗ്രസ് നേതാക്കൾക്കും ബജ്റങ് സേനയുടെ ദേശീയ, സംസ്ഥാന ഭാരവാഹികൾക്കുമൊപ്പം ദീപക് ജോഷിയും സന്നിഹിതനായിരുന്നു. മുൻ മുഖ്യമന്ത്രി കൈലാഷ് ജോഷിയുടെ മകനായ ദീപക് ജോഷി പാർട്ടി വിട്ടത് ബിജെപിക്ക് കനത്ത തിരിച്ചടിയായിരിക്കെയാണ്, അദ്ദേഹം വഴിയാണ് ബജ്റങ് സേന കോൺഗ്രസിൽ ലയിച്ചതെന്ന റിപ്പോർട്ട്.

സമാന സ്വഭാവമുള്ള സംഘടനയായ ബജ്റങ് ദളിനെ കർണാടകയിൽ നിരോധിക്കാനും മടിക്കില്ലെന്ന കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വൻ വിവാദമായതിനു പിന്നാലെയാണ് ഇത്തരമൊരു ലയനം സംഭവിച്ചതെന്നും ശ്രദ്ധേയം. ബജ്റങ് ദളിനെ നിരോധിക്കുമെന്ന പ്രഖ്യാപനം തിരഞ്ഞെടുപ്പിൽ വൻ വിഷയമാക്കി ആളിക്കത്തിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി ശ്രമിച്ചിരുന്നു. ഇത് വലിയ തോതിൽ രാഷ്ട്രീയ വിവാദമാകുകയും ചെയ്തു.

2023ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കമൽനാഥിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിനെ അധികാരത്തിലേറ്റുകയാണ് ലക്ഷ്യമെന്നും രൺവീർ വ്യക്തമാക്കി. വഞ്ചനയുടെയും ചതിയുടെയും ആൾരൂപങ്ങളായി മാറിയ ബിജെപി സർക്കാരിനെ താഴെയിറക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഭോപ്പാലിലെ കോൺഗ്രസ് ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ബജ്റങ് സേന കോൺഗ്രസിൽ ലയിച്ചത്.

ഇതിനു മുന്നോടിയായി കാവി ധരിച്ച നൂറു കണക്കിന് പ്രവർത്തകരെ പങ്കെടുപ്പിച്ച് പ്രത്യേക റാലിയും നടന്നു.

തീവ്ര ഹിന്ദുത്വ ആശയങ്ങൾ പേറുന്ന സംഘടന കോൺഗ്രസിൽ ലയിച്ചത് ആശയസംഘട്ടനത്തിനു കാരണമാകില്ലേയെന്ന ചോദ്യം മീഡിയ വിഭാഗം തലവൻ കെ.കെ.മിശ്ര തള്ളിക്കളഞ്ഞു. പഴയ ആശയങ്ങളെല്ലാം ഉപേക്ഷിച്ച് പൂർണമായും കോൺഗ്രസിന്റെ ആശയങ്ങൾ സ്വീകരിക്കുന്നതായി ബജ്റങ് സേന ഭാരവാഹികൾ ലയന ചടങ്ങിൽ പ്രഖ്യാപിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. കോൺഗ്രസിന്റെ ആശയങ്ങൾ സ്വീകരിച്ച് കോൺഗ്രസ് പ്രവർത്തകരായി മാറിയ സാഹചര്യത്തിൽ ആശയസംഘട്ടനമെന്ന സംശയത്തിന് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ലയന ചടങ്ങിൽ സംസാരിച്ച മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി കൂടിയായ കോൺഗ്രസ് നേതാവ് കമൽനാഥ്, മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാനെതിരെ കടുത്ത വിമർശനമാണ് ഉയർത്തിയത്. തിരഞ്ഞെടുപ്പ് വർഷമായതോടെ ചൗഹാൻ പെങ്ങൻമാരെയും യുവാക്കളെയും ജോലിക്കാരെയും ഓർക്കാൻ തുടങ്ങിയെന്ന് കമൽനാഥ് പരിഹസിച്ചു. ചൗഹാൻ ഇതുവരെ 20,000 പ്രഖ്യാപനങ്ങൾ നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe