കൊച്ചി: അരിക്കൊമ്പനെ വീണ്ടും പിടിച്ചത് വേദനാജനകമെന്ന് ജസ്റ്റിസ് ദേവന് രാമചന്ദ്രന്. അവനിഷ്ടമുള്ളിടത്തിന് പകരം നമുക്ക്
ഇഷ്ടമുള്ളിടത്ത് കൊണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. നിയമങ്ങള്‍ മനുഷ്യന് വേണ്ടി മാത്രമുള്ളതാണെന്നും മറ്റ് സഹജീവികളെ പരിഗണിക്കുന്നതല്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. കൂടുതല്‍ പറഞ്ഞ് വിഷയം വിവാദമാക്കാനില്ലെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് വ്യക്തമാക്കി. കളമശ്ശേരി സെന്റ് പോള്‍സ് കോളേജിലെ പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അതേസമയം, അരിക്കൊമ്പനെ ഇന്ന് വനത്തിൽ തുറന്ന് വിടുന്നതില്‍ അനിശ്ചിതത്വം നിലനല്‍ക്കുകയാണ്. ആനയെ കാട്ടിൽ തുറന്ന് വിടുന്നത് തടയണം എന്നാവശ്യപ്പെട്ടുള്ള ഹർജി നാളെ പരിഗണിക്കും വരെ ആനയെ കാട്ടിൽ തുറന്നുവിടരുതെന്ന് മദ്രാസ് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കോടതി നിർദേശം നൽകിയ സാഹചര്യത്തിലാണ് വനം വകുപ്പിന്റെ നടപടി. എറണാകുളം സ്വദേശി റബേക്ക ജോസഫാണ് ഹർജി നൽകിയത്. ഹർജി നാളെ പത്തരയ്ക്ക് മധുര ബെഞ്ച് പരിഗണിക്കും. അതുവരെ ആനയെ വനംവകുപ്പ് കസ്റ്റഡിയിൽ സൂക്ഷിക്കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം. എന്നാല്‍, ആനയെ രാത്രി കസ്റ്റഡിയില്‍ വയ്ക്കാനാവില്ലെന്ന് തമിഴ്നാട് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.