തിരുവനന്തപുരം: കേരള സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആൾമാറാട്ടം നടത്തിയെന്ന കേസിൽ കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ പ്രിൻസിപ്പൽ ജി.ജെ ഷൈജുവിനെ വെള്ളിയാഴ്ച്ച (ജൂൺ 9) വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവ്. തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി പ്രസൂൺ മോഹനന്റെതാണ് ഇടക്കാല ഉത്തരവ്.
കോളേജ് പ്രിൻസിപ്പൽ എന്ന നിലയിൽ ചെയ്യേണ്ട സർവകലാശാല ചട്ടങ്ങൾ മാത്രമേ വിഷയത്തിൽ സ്വീകരിച്ചിട്ടുള്ളൂ. വ്യാജേ രേഖ ചമച്ചു എന്ന് പറയുന്നതിന് അടിസ്ഥാനമില്ല, സംഭവത്തിൽ ഗുഢാലോജന നടന്നു എന്ന് പറയുന്നത് പൊലീസ് മാത്രമാണെന്നും താൻ സംഭവത്തിൽ നിരപരാധിയെന്നും പ്രതിഭാഗ അഭിഭാഷകൻ എസ്. അജിത് കുമാർ വാദിച്ചു. പ്രിൻസിപ്പൽ നടത്തിയത് ഗുഢാലോജന തന്നെ ഇത് അക്കമിട്ട് പോലീസ് വിവരിച്ചിട്ടുണ്ടെന്നും, സർവകലാശാല ചട്ടങ്ങളെ കുറിച്ച് പഠിക്കുവാൻ സമയം വേണമെന്നും പബ്ലിക് പ്രോസിക്യൂട്ടർ ഹരീഷ് മറുപടി നൽകി.
ഇതേ തുടർന്ന് കേസിൽ വിശദമായ വാദം കേൾക്കുവാൻ ജൂൺ 9 ലേക്ക് കേസ് മാറ്റി. അന്ന് പോലീസ് കേസ് ഡയറി ഹാജരാക്കാനും അന്വേഷണ സംഘത്തിന് നിർദ്ദേശവും നൽകി. ഒന്നാം പ്രതിയും കാട്ടാക്കട ക്രിസ്ത്യൻ കോളജ് പ്രിൻസിപ്പാളുമായ ജി.ജെ. ഷൈജു നൽകിയ മുൻകൂർ ജാമ്യ അപേക്ഷ പരിഗണിച്ചാണ് ഇടക്കാല ഉത്തരവ് നൽകിയത്.
കോളജിലെ ഒന്നാം വർഷ വിദ്യാർത്ഥി വിശാഖാണ് കേസിലെ രണ്ടാം പ്രതി. ഇയാൾ ജാമ്യ അപേക്ഷ നൽകിയിട്ടില്ല. സർവകലാശാല രജിസ്ട്രാർ സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്യുന്നത്.