പാലും സോപ്പും അരികെ, തല പോലും പൊങ്ങാതെ ട്രാക്കിൽ; കൊല്ലത്ത് ലോക്കോ പൈലറ്റ് കണ്ട ‘മൃതദേഹ’ത്തിനെതിരെ കേസ്

news image
Jun 3, 2023, 9:18 am GMT+0000 payyolionline.in

എഴുകോണ്‍: മദ്യപിച്ച് ട്രാക്കില്‍ കിടന്ന് ട്രെയിന്‍ വൈകാന്‍ കാരണമായ യുവാവിനെതിരെ കേസെടുത്ത് റെയില്‍വെ. കൊല്ലം എഴുകോണിലാണ് സംഭവം. എഴുകോണ്‍ ടെക്നിക്കല്‍ സ്കൂളിന് സമീപത്തെ ട്രാക്കില്‍ മൃതദേഹം കിടക്കുന്നുവെന്ന ലോക്കോ പൈലറ്റിന്‍റെ അറിയിപ്പ് അനുസരിച്ച് കനത്ത മഴയില്‍ ട്രാക്ക് പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത് മദ്യപിച്ച ലക്കുകെട്ട യുവാവിനെ. റെയില്‍വേ ട്രാക്കിന് അപ്പുറത്തുള്ള വീട്ടിലേക്ക് പോകാനുള്ള ശ്രമത്തിനിടയിലാണ് യുവാവിനെ ലഹരി പണി കൊടുത്തത്.

നടക്കാന്‍ പോലും സാധിക്കാത്ത രീതിയില്‍ മദ്യപിച്ച യുവാവ് ട്രാക്കില്‍ കിടന്നുപോവുകയായിരുന്നു. മദ്യ ലഹരിയില്‍ കിടക്കുന്നത് ട്രാക്കിലാണെന്ന് പോലും എഴുകോണ്‍ സ്വദേശിയായ അശോകന് സാധിച്ചിരുന്നില്ല. വീട്ടിലേക്ക് വാങ്ങിയ പാലും സോപ്പുമടക്കമുള്ള സാധനങ്ങള്‍ കയ്യില്‍ നിന്ന് വീണ് പോയ നിലയിലായിരുന്നു ഇയാള്‍ ട്രാക്കില്‍ കിടന്നത്. ഇതേസമയം ഈ പാതയില്‍ കടന്നുപോയ പുനലൂര്‍ നാഗര്‍കോവില്‍ എക്സ്പ്രസിന്‍റെ ലോക്കോ പൈലറ്റ് ട്രാക്കിലുള്ളത് മൃതദേഹമാണെന്നാണ് കരുതിയത്. ട്രാക്കില്‍ മൃതദേഹമുണ്ടെന്ന വിവരം ലോക്കോ പൈലറ്റ് കൊട്ടാരക്കര സ്റ്റേഷനിലും അറിയിച്ചു.

റെയില്‍വേയില്‍ നിന്നുള്ള അറിയിപ്പ് പ്രകാരമാണ് സംഭവ സ്ഥലത്തേക്ക് പൊലീസ് എത്തുന്നത്. എന്നാല്‍ കനത്ത മഴ മൂലം ഏറെ ബുദ്ധിമുട്ടിയാണ് മൃതദേഹം കിടന്ന സ്ഥലം കണ്ടെത്താന്‍ സാധിച്ചതെന്നാണ് പൊലീസ് വിശദമാക്കുന്നത്. ട്രാക്ക് പരിശോധന പൂര്‍ത്തിയാകാത്തതിനാല്‍ ഇതേപാതയില്‍ കൊല്ലത്തേക്ക് പോകാനുള്ള ട്രെയിന്‍ പിടിച്ചിടുകയും ചെയ്തിരുന്നു. എന്നാല്‍ മൃതദേഹം കണ്ടെത്തിയപ്പോള്‍ എന്ത് ചെയ്യണമെന്ന് അറിയാന്‍ പറ്റാത്ത സ്ഥിതിയായിയെന്നാണ് പൊലീസിന്. ട്രാക്കിന് നടുക്ക് തല പോലും പൊങ്ങാതെ കിടന്നതിനാല്‍ തലനാരിഴയ്ക്ക് ജീവന്‍ രക്ഷപ്പെട്ടത് മനസിലാവാതെ ഇരിക്കുന്ന യുവാവിനെയാണ് പൊലീസ് കണ്ടെത്തിയത്.

ഇയാളെ പൊലീസുകാര്‍ വീട്ടില്‍ എത്തിക്കുകയായിരുന്നു. കൂലിപ്പണിക്ക് പോയ വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് സംഭവമെന്നാണ് പൊലീസ് വിശദമാക്കുന്നത്. ഇട്ടിരുന്ന വസ്ത്രത്തില്‍ ട്രെയിനില്‍ നിന്നുള്ള ഗ്രീസ് അടക്കം പറ്റിയ നിലയിലായിരുന്നു ഇയാളുണ്ടായിരുന്നത്. ജീവന്‍ രക്ഷപ്പെട്ടെങ്കിലും മൃതേദഹം കണ്ടെത്താനായി ഇതേ പാതയില്‍ കടന്നുപോകേണ്ട ട്രെയിന്‍ പിടിച്ചിടേണ്ടി വന്നത് മൂലം ഇയാള്‍ക്കെതിരെ റെയില്‍വേ പൊലീസ് കേസ് എടുത്തിരിക്കുകയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe