അരിക്കൊമ്പന് വേണ്ടി ഹരജി; സാബു എം. ജേക്കബിന് ഹൈകോടതിയുടെ വിമർശനം

news image
May 31, 2023, 7:44 am GMT+0000 payyolionline.in

കൊച്ചി: അരിക്കൊമ്പന് ചികിത്സ നൽകണമെന്നും തമിഴ്നാട് പിടികൂടിയാലും അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്നും ആവശ്യപ്പെട്ട് ഹരജി സമർപ്പിച്ച ട്വന്റി-20 ചീഫ് കോഓഡിനേറ്റർ സാബു എം. ജേക്കബിന് ഹൈകോടതിയുടെ വിമർശനം. സാബുവിന്‍റേത് തെറ്റായ വാദങ്ങളാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഹരജിയുടെ സത്യസന്ധതയിൽ സംശയമുണ്ടെന്നും വിമർശിച്ചു.

ആന നിലവിൽ തമിഴ്നാട്ടിലാണുള്ളത്. അവിടെ ആനയെ എന്തെങ്കിലും തരത്തിൽ ഉപദ്രവിച്ചതായി തെളിവില്ല. ആനയെ പിടികൂടി സംരക്ഷിക്കാനാണ് തീരുമാനം. ആനയെ പിടികൂടിയാൽ കേരളത്തിലേക്ക് കൊണ്ടുവരണമെന്ന് എന്ത് അടിസ്ഥാനത്തിലാണ് പറയുന്നതെന്ന് കോടതി ചോദിച്ചു.

ഹരജിക്കാരൻ രാഷ്ട്രീയ പാർട്ടി നേതാവാണ്. ആ ഉത്തരവാദിത്തത്തോട് കൂടി പെരുമാറണം. പൊതുതാത്പര്യ ഹർജികളിൽ പൊതുതാത്പര്യം ഉണ്ടാകണം. തമിഴ്നാട്ടിൽ നടക്കുന്ന കാര്യങ്ങളിൽ പരാതിയുണ്ടെങ്കിൽ തമിഴ്നാട് ഹൈകോടതിയെ സമീപിക്കൂവെന്നും കോടതി പറഞ്ഞു.

അരിക്കൊമ്പന്‍റെ സുരക്ഷ ഉറപ്പാക്കണമെന്നായിരുന്നു സാബു എം. ജേക്കബിന്‍റെ ഹരജിയിലെ ആവശ്യം. ആനക്ക് ആവശ്യമായ ചികിത്സ നൽകണം, തമിഴ്നാട് പിടികൂടിയാലും കേരളത്തിന് കൈമാറണം, കേരളത്തിലെ മറ്റൊരു ഉൾവനത്തിലേക്ക് മാറ്റണം എന്നും ആവശ്യപ്പെട്ടിരുന്നു.

ഇടുക്കി ചിന്നക്കനാൽ മേഖലയിൽ വ്യാപക നാശനഷ്ടമുണ്ടാക്കുകയും നിരവധി പേരെ കൊലപ്പെടുത്തുകയും ചെയ്ത അരിക്കൊമ്പനെ ഏപ്രിൽ 29നാണ് മയക്കുവെടി വെച്ച് പിടികൂടിയത്. തുടർന്ന് ജി.പി.എസ് കോളർ ഘടിപ്പിച്ച് പെരിയാർ കടുവാ സങ്കേതത്തിൽ തുറന്നുവിടുകയായിരുന്നു. എന്നാൽ, ഇവിടെ നിന്ന് സംസ്ഥാനാതിർത്തി കടന്ന ആന തമിഴ്നാട്ടിലെത്തുകയായിരുന്നു. അതിർത്തി മേഖലയായ കമ്പത്ത് വനമേഖലയിലുള്ള ആനയെ മയക്കുവെടിവെച്ച് പിടികൂടാനാണ് തമിഴ്നാട് വനംവകുപ്പിന്‍റെ തീരുമാനം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe