ന്യൂഡൽഹി: രാജ്യതലസ്ഥാന നഗരിയിൽ 16കാരിയെ ആളുകൾ നോക്കിനിൽക്കെ ക്രൂരമായി കൊലപ്പെടുത്തിയ ആൺസുഹൃത്തായ 20കാരൻ കുറ്റം സമ്മതിച്ചു. പെൺസുഹൃത്തിനോടുള്ള പക കാരണമാണ് കൊലപ്പെടുത്തിയതെന്നും തനിക്ക് ഖേദമില്ലെന്നും എ.സി മെക്കാനിക്കായ പ്രതി സാഹിൽ പൊലീസിനോട് പറഞ്ഞു. തങ്ങൾ മൂന്ന് വർഷമായി പ്രണയത്തിലായിരുന്നെന്നും ഇപ്പോൾ അവൾക്ക് താനുമായുള്ള ബന്ധം പിരിയണമായിരുന്നെന്നും സാഹിൽ പൊലീസിനോട് പറഞ്ഞതായാണ് റിപ്പോർട്ട്.
ഞായറാഴ്ച രാത്രി വടക്കുകിഴക്കൻ ഡൽഹിയിലെ ശാഹ്ബാദ് ഡയറിയിലായിരുന്നു കൊലപാതകം. സുഹൃത്തിന്റെ മകന്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ പെൺകുട്ടി വീട്ടിൽനിന്ന് പുറത്തിറങ്ങിയ നേരത്താണ് അക്രമമുണ്ടായത്. 20ലേറെ തവണ കുത്തേറ്റ് നിലത്തുവീണ പെൺകുട്ടി മരിക്കുന്നതുവരെ പ്രതി കോൺക്രീറ്റ് പാളി കൊണ്ട് തുടർച്ചയായി തലക്കടിച്ചു. തന്റെ പെൺസുഹൃത്താണെന്ന് വിളിച്ച് പറഞ്ഞാണ് യുവാവ് പെൺകുട്ടിയെ ആക്രമിക്കാൻ തുടങ്ങിയത്.
സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. വഴിയരികിൽവെച്ച് പെൺകുട്ടിയെ ആക്രമിക്കുമ്പോൾ നിരവധിപേർ നോക്കിനിൽക്കുന്നതായാണ് സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്. യുവാവിനെ തടയാൻ ശ്രമിക്കാതെ നിസ്സംഗരായി കടന്നു പോകുന്ന ആളുകളെയാണ് കാണുന്നത്. പിന്നീട് പൊലീസ് എത്തിയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്.
സാഹിലിനെ യു.പിയിലെ ബുലന്ദശഹ്റിൽവെച്ചാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും പ്രണയത്തിലായിരുന്നുവെന്നും കഴിഞ്ഞ ദിവസം ഇവർക്കിടയിൽ വഴക്കുണ്ടായതായും പൊലീസ് പറയുന്നു.
സംഭവത്തിൽ ഡൽഹി പൊലീസിനെ കുറ്റപ്പെടുത്തി ആം ആദ്മി പാർട്ടി രംഗത്തുവന്നു. സ്ത്രീകൾക്കും കുട്ടികൾക്കും ഡൽഹി സുരക്ഷിതമല്ലാതായി മാറിയിരിക്കുന്നുവെന്ന് ഡൽഹി വനിത കമീഷൻ അധ്യക്ഷ സ്വാതി മലിവാൾ പറഞ്ഞു. ലവ് ജിഹാദാണെന്ന ആരോപണവുമായി ബി.ജെ.പിയും രംഗത്തുവന്നിട്ടുണ്ട്.