ബംഗളൂരു: കർണാടകയിലെ കോൺഗ്രസ് സർക്കാറിൽ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്ന 24 മന്ത്രിമാരുടെ പട്ടിക പുറത്ത്. എച്ച്.കെ പാട്ടീൽ, കൃഷ്ണ ബൈറോഗൗഡ, എൻ. ചെലുവരയസ്വാമി, കെ. വെങ്കടേഷ്, ഡോ. എച്ച്.സി മഹാദേവപ്പ, ഈശ്വർ കാന്തരെ, കാതസാന്ദ്ര എൻ. രാജണ്ണ, ദിനേശ് ഗുണ്ടുറാവു, ശരണബാസപ്പ ദർശനപുർ, ശിവാന്ദ് പാട്ടീൽ, തിമ്മാപൂർ രാമപ്പ ബലപ്പ, എസ്.എസ്. മല്ലികാർജുൻ, തങ്കടാഗി ശിവരാജ് ശങ്കപ്പ, ഡോ. ശരണപ്രകാശ് രുദ്രപ്പ പാട്ടീൽ, മംഗൽ വൈദ്യ, ലക്ഷ്മി ആർ. ഹെബ്ബാൾക്കർ, റഹിം ഖാൻ, ഡി. സുധാകർ, സന്തോഷ് എസ്. ലാഡ്, എൻ.എസ് ബോസ് രാജു, സുരേഷ ബി.എസ്, മധു ബംഗാരപ്പ, ഡോ. എം.സി സുധാകർ, ബി. നാഗേന്ദ്ര എന്നിവരാണ് പുതിയ മന്ത്രിമാർ.
ലക്ഷ്മി ആർ. ഹെബ്ബാൾക്കറാണ് മന്ത്രിസഭയിലെ ഏക വനിത. മുസ് ലിം പ്രാതിനിധ്യമായി റഹിം ഖാനും പട്ടികയിൽ ഉൾപ്പെട്ടു. മത, സാമുദായിക പരിഗണനയുടെ അടിസ്ഥാനത്തിലാണ് പുതിയ മന്ത്രിമാരെ തെരഞ്ഞെടുത്തത്.
ഇന്ന് രാവിലെ 11.45ന് രാജ്ഭവനിൽ ഗവർണർക്ക് മുമ്പാകെയാണ് സത്യപ്രതിജ്ഞ നടക്കുക. മന്ത്രിസ്ഥാനത്തിന് സമ്മർദവുമായി 20 ഓളം എം.എൽ.എമാരും ഡൽഹിയിലെത്തിയിരുന്നു. 34 മന്ത്രിസ്ഥാനങ്ങളുള്ള മന്ത്രിസഭയിൽ മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിക്കുമൊപ്പം എട്ടു മന്ത്രിമാർ 20ന് സത്യപ്രതിജ്ഞ ചെയ്തിരുന്നു.
മന്ത്രിസഭ വികസനം സംബന്ധിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ഡൽഹിയിൽ കോൺഗ്രസ് ഹൈകമാൻഡുമായി നടത്തിയ ചർച്ചയിലാണ് പുതിയ മന്ത്രിമാരുടെ പട്ടിക തയാറാക്കിയത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കർണാടകയുടെ ചുമതലയുള്ള പാർട്ടി ജനറൽ സെക്രട്ടറി രൺദീപ്സിങ് സുർജേവാല, പാർട്ടി ഓർഗനൈസേഷൻ ജന. സെക്ര. കെ.സി. വേണുഗോപാൽ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്.