ദില്ലി : കർണാടകയിൽ കോൺഗ്രസ് മുന്നേറ്റത്തിന്റെ ആവേശത്തിൽ നേതാക്കൾ. കന്നഡ മണ്ണിൽ നേടിയത് വൻ വിജയമെന്ന് സച്ചിൻ പൈലറ്റ് പ്രതികരിച്ചു. അഴിമതിക്കെതിരായ കോൺഗ്രസ് മുദ്രാവാക്യം ജനം ഏറ്റെടുത്തുവെന്നതിന്റെ തെളിവാണ് ഈ മിന്നും വിജയം. ബിജെപിയെ തോൽപിക്കാനുപയോഗിച്ച പ്രധാന ആയുധം അഴിമതിക്കെതിരെ കോൺഗ്രസ് നടത്തിയ പ്രചാരണമാണെന്നും സച്ചിൻ കൂട്ടിച്ചേർത്തു. കര്‍ണാടകയില്‍ ഒറ്റക്ക് സർക്കാർ ഉണ്ടാക്കുമെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേരയും പ്രതികരിച്ചു.
സർക്കാരുണ്ടാക്കാൻ ജെഡിഎസിൻ്റെ പിന്തുണ വേണ്ട. ഇത് കോൺഗ്രസിലെ കൂട്ടായ്മയുടെ വിജയമാണ്. ദേശീയ നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും ഈ മിന്നും വിജയത്തിൽ തുല്യ പങ്കുണ്ട്. പ്രചാരണ സമയത്ത് ബിജെപിയുടെ മുഖം മോദിയുടേതായിരുന്നു. ഇപ്പോൾ പരാജയപ്പെട്ടപ്പോൾ നദ്ദയുടെ തലയിൽ കെട്ടി വയ്ക്കുന്നു. കോൺഗ്രസിന് വരും തെരഞ്ഞെടുപ്പുകൾക്കുള്ള ബൂസ്റ്റർ ഡോസാണ് കര്‍ണാടകയിലെ ഫലമെന്നും പവൻ ഖേര വ്യക്തമാക്കി. കർണാടകയിൽ കുതിരക്കച്ചവടം തടയാൻ തുടക്കത്തിൽ തന്നെ കോൺഗ്രസ് നീക്കം തുടങ്ങി. ജയസാധ്യതയുള്ളവരുമായി നിരന്തര ആശയവിനിമയം നടത്തുകയാണ് നേതാക്കൾ. വിജയിക്കുന്നവരെയെല്ലാം ബംഗ്ലൂരുവിലേക്ക് മാറ്റും. ഇന്നലെ രാത്രി എല്ലാ ജില്ലാ പ്രസിഡന്റുമാരുമായും കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡി കെ ശിവകുമാർ കൂടിക്കാഴ്ച നടത്തി. ഒരു കാരണവശാലും കൂറുമാറ്റമുണ്ടാകാതിരിക്കാൻ ജാഗ്രത പുലർത്താൻ ജില്ലാ നേതാക്കൾക്ക് നിർദേശം നൽകിയതായാണ് വിവരം.