ഡോ. വന്ദനക്ക് കണ്ണീരോടെ വിട; അന്ത്യാഞ്ജലിയർപ്പിച്ച് ആയിരങ്ങൾ

news image
May 11, 2023, 9:17 am GMT+0000 payyolionline.in

കോട്ടയം: ഡ്യൂട്ടിക്കിടെ കുത്തേറ്റ് ദാരുണമായി കൊല്ലപ്പെട്ട കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ യുവ ഡോക്ടർ വന്ദന ദാസിന്‍റെ സംസ്കാര ചടങ്ങുകൾ കോട്ടയം മുട്ടുചിറയിലെ വീട്ടിൽ ആരംഭിച്ചു. മൃതദേഹത്തിൽ അന്ത്യാഞ്ജലിയർപ്പിക്കാൻ ആയിരങ്ങളാണെത്തിയത്. മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും ഉൾപ്പെടെ പ്രമുഖർ സംസ്കാര ചടങ്ങിലുണ്ട്.

 

ഇന്നലെ പുലർച്ചെയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പൊലീസ് ചികിത്സക്കെത്തിച്ചയാളുടെ കുത്തേറ്റ് ഡോ. വന്ദന കൊല്ലപ്പെടുന്നത്. കൊല്ലം അസീസിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് റിസർച് സെന്ററിൽ നിന്ന് എം.ബി.ബി.എസ് പൂർത്തിയാക്കിയ വന്ദന ഇവിടെ ഹൗസ് സർജനായി സേവനം ചെയ്യുകയായിരുന്നു. മുട്ടുചിറ നമ്പിച്ചിറക്കാലായിൽ കെ.ജി. മോഹൻദാസിന്റെയും വസന്തകുമാരിയുടെയും ഏക മകളാണ്.

വന്ദനയെ കൊലപ്പെടുത്തിയ പ്രതി സ്കൂൾ അധ്യാപകനായ വെളിയം ചെറുകരക്കോണം ശ്രീനിലയത്തിൽ ജി. സന്ദീപിനെ (42) കോടതി റിമാൻഡ് ചെയ്തു പൂജപ്പുര ജയിലിൽ അടച്ചു. ആശുപത്രിയിലെ കത്രിക ഉപയോഗിച്ചുള്ള ഇയാളുടെ ആക്രമണമാണ് വന്ദനയുടെ ജീവനെടുത്തത്. കഴുത്തിലും മുതുകിലുമായി ആറ് കുത്തുകളാണ് വന്ദനക്കേറ്റത്.

വന്ദനയുടെ കൊലപാതകത്തിൽ സംസ്ഥാനമൊട്ടാകെ ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും കനത്ത പ്രതിഷേധമുയർത്തവെ, ഹൈകോടതിയിൽ നിന്ന് സംസ്ഥാന സർക്കാറിന് വിമർശനമേറ്റു. വന്ദനയുടെ കൊലപാതകത്തിൽ ഉത്തരവാദി സംസ്ഥാന പൊലീസ് മേധാവി​ തന്നെയെന്ന് ചൂണ്ടിക്കാട്ടിയ ഹൈകോടതി, കൊലപാതകത്തിൽ സംസ്ഥാനത്തെ മുഴുവൻ സംവിധാനങ്ങളും പരാജയപ്പെട്ടുവെന്നും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe