ന്യൂഡൽഹി: മഹാരാഷ്ട്രയിൽ ഏക്നാഥ് ഷിൻഡെ വിപ്പിനെ നിയോഗിച്ചത് നിയവിരുദ്ധമായെന്ന് സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ച്. വിപ്പിനെ നിയോഗിക്കേണ്ടത് രാഷട്രീയ പാർട്ടി നേതാവാണെന്ന് കോടതി വ്യക്തമാക്കി. 2019ൽ ശിവസേന നേതാവായി ഉദ്ധവ് താക്കറെയെ ഏകകണ്ഠമായാണ് നിയമിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി.
ശിവസേനയിലെ തർക്കം വിശ്വാസവോട്ടെടുപ്പിന് കാരണമാകരുതായിരുന്നു. വിശ്വാസവോട്ടെടുപ്പ് നടത്തിയത് ചട്ടവിരുദ്ധമാണ്. ഗവർണർ ഉപയോഗിച്ചത് ഭരണഘടന നൽകാത്ത അധികാരമാണ്. സഭയിലെ വിശ്വാസ വോട്ടെടുപ്പിൽ ഗവർണർ ഭാഗഭാക്കാകരുതായിരുന്നു.
അതേസമയം, ഷിൻഡെയുടെ സർക്കാറിന്റെ ചോദ്യം ചെയ്യാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. രാജിവെച്ചിരുന്നില്ലെങ്കിൽ ഉദ്ധവ് സർക്കാറിനെ പുനഃസ്ഥാപിച്ചേനെ. വിശ്വാസവോട്ടെടുപ്പിന് മുമ്പ് ഉദ്ധവ് സർക്കാർ രാജിവെച്ചു. അതിനാൽ ഉദ്ധവ് സർക്കാറിനെ വീണ്ടും നിയോഗിക്കാനാവില്ല.
മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ഉൾപ്പെടെ ശിവസേന വിമതരെ അയോഗ്യരാക്കുന്നതുമായി ബന്ധപ്പെട്ട ഹരജിയിൽ സ്പീക്കറുടെ അധികാരം സംബന്ധിച്ച തർക്കം സുപ്രീംകോടതി ഏഴംഗബെഞ്ചിന് വിട്ടു. കഴിഞ്ഞ ജൂണിലാണ് ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ ശിവസേനയിൽ വിമത നീക്കമുണ്ടായതും ഉദ്ധവ് താക്കറെ സർക്കാർ വീഴുന്നതും.