ദില്ലി: ഇന്ത്യൻ പ്രതിരോധ സേനാ വിഭാഗങ്ങൾ ഉപയോഗിക്കുന്ന ധ്രുവ് ഹെലികോപ്റ്ററുകളുടെ പ്രവർത്തനം രാജ്യത്ത് നിർത്തിവെച്ചു. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ ഉത്തരവിനെ തുടർന്നാണ് പ്രവർത്തനം നിർത്തിയത്. തദ്ദേശീയമായി നിർമ്മിക്കുന്ന ഈ ഹെലികോപ്റ്ററുകൾ നിരന്തരം അപകടത്തിൽപെടുന്ന സാഹചര്യത്തിലാണ് തീരുമാനം. ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ ധ്രുവ് ഹെലികോപ്റ്റർ തകർന്ന് വീണ് കഴിഞ്ഞ ദിവസം ഒരു സൈനികൻ വീരമൃത്യു വരിച്ചിരുന്നു.
കഴിഞ്ഞ രണ്ട് മാസത്തിനിടെ മൂന്ന് തവണ ഈ ഹെലികോപ്റ്റർ അപകടത്തിൽ പെട്ടിരുന്നു. മാർച്ച് എട്ടിന് മുംബൈ തീരത്ത് നാവികസേനയുടെ ഹെലികോപ്റ്റർ ഇടിച്ചിറക്കിയിരുന്നു. അന്ന് പവർ ലോസായിരുന്നു കാരണം. ആർക്കും പരിക്കേറ്റിരുന്നില്ല. മാർച്ച് 23 ന് നെടുമ്പാശേരിയിൽ ഹെലികോപ്റ്റർ അപകടത്തിൽപെട്ടിരുന്നു. വിദേശത്തേക്കടക്കം കയറ്റുമതി ചെയ്യുന്ന ധ്രുവ് ഹെലികോപ്റ്ററുകൾ നിരന്തരം അപകടത്തിൽപെടുന്നത് അന്താരാഷ്ട്ര തലത്തിൽ അവമതിപ്പുണ്ടാക്കുമെന്നതാണ് പ്രവർത്തനം നിർത്തിവെപ്പിക്കാൻ കാരണം.