ബജ്‌റങ്ദള്‍ പ്രതിഷേധം: സോണിയയുടെ വസതിക്കും കോണ്‍ഗ്രസ് ആസ്ഥാനത്തിനും കനത്ത സുരക്ഷ

news image
May 2, 2023, 11:03 am GMT+0000 payyolionline.in

ബെംഗളൂരു: നിരോധിത സംഘടയായ പോപ്പുലർ ഫ്രണ്ടുമായി താരതമ്യം ചെയ്ത്, ബജ്‌റങ്ദളിനെ നിരോധിക്കുമെന്ന കർണാടകയിലെ കോൺഗ്രസ് പ്രകടനപത്രികയിലെ വാഗ്ദാനം വിവാദമായിരിക്കെ, കോൺഗ്രസ് ആസ്ഥാനത്തും പാർട്ടിയുടെ മുൻ അധ്യക്ഷ സോണിയ ഗാന്ധിയുടെ ഔദ്യോഗിക വസതിയിലും കനത്ത സുരക്ഷ ഏർപ്പെടുത്തി. ബജ്‌റങ്ദളിന്റെ ഭാഗത്തുനിന്ന് പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് നീക്കം. ഇവിടെ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.

മതവിദ്വേഷം വളര്‍ത്തുന്ന ഇത്തരം സംഘടനകളെ നിരോധിക്കുമെന്നാണ് കോൺഗ്രസ് പ്രകടന പത്രികയിലെ വാഗ്ദാനം. ബെംഗളൂരുവിൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയാണ് ബജ്റംഗ് ദളിനെ നിരോധിക്കുമെന്ന പരാമർശം ഉൾപ്പെടുന്ന പ്രകടനപത്രിക പുറത്തിറക്കിയത്. കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ.ശിവകുമാർ, മുതിർന്ന നേതാവ് സിദ്ധരാമയ്യ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

ബജ്‌റങ്ദളിനെ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി താരതമ്യം ചെയ്തതിനെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള ബിജെപി നേതാക്കളും വിശ്വഹിന്ദു പരിഷത്ത് ഉൾപ്പെടെയുള്ള സംഘടനകളും രംഗത്തെത്തിയിരുന്നു. ബജ്‌റങ്ദളിനെതിരായ കോൺഗ്രസിന്റെ പ്രഖ്യാപനം ജനം തള്ളിക്കളയുമെന്ന് വിഎച്ച്പി പ്രതികരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe