വിവാഹത്തട്ടിപ്പിനെതിരെ “കുടുംബശ്രീ മാട്രിമോണി’

news image
Apr 23, 2023, 2:40 am GMT+0000 payyolionline.in

കൊച്ചി> വർഷങ്ങൾക്കുമുമ്പ് ഒരു ടെലിവിഷൻ പരിപാടിയിൽ വിവാഹത്തട്ടിപ്പിന്‌ ഇരയായ പെൺകുട്ടിയുടെ മുഖം കണ്ടതാണ്‌ തൃശൂർ സ്വദേശി സിന്ധു ബാലനെ കുടുംബശ്രീ മാട്രിമോണി എന്ന ആശയത്തിലേക്ക് എത്തിച്ചത്‌. കേരളത്തിലെ വിവാഹത്തട്ടിപ്പിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയായിരുന്നു 2016ൽ സംരംഭത്തിന്റെ തുടക്കം. ആരംഭത്തിൽ വലിയ എതിർപ്പുകളും കളിയാക്കലുകളും നേരിടേണ്ടിവന്നു സിന്ധുവിന്‌. പക്ഷേ, ഇന്ന്‌ രണ്ടായിരത്തോളംപേർക്ക്‌ തൊഴിൽ നൽകാൻ കഴിയുന്ന സ്ഥാപനമായി “കുടുംബശ്രീ മാട്രിമോണി’ വളർന്നു.

പ്രത്യേക വെബ്‌സൈറ്റ്‌ വഴിയാണ്‌ രജിസ്‌ട്രേഷൻ. അന്വേഷണങ്ങളുമായി എത്തുന്നവരെക്കുറിച്ച്‌ അന്വേഷിച്ച്‌ വിവരങ്ങൾ വെബ്‌സൈറ്റിൽ രജിസ്‌റ്റർ ചെയ്യും. വിവരശേഖരണം നടത്തുന്ന കുടുംബശ്രീ അംഗങ്ങൾക്കും പുറത്തുനിന്നുള്ളവർക്കും മികച്ച വരുമാനം നേടാൻ സാധിക്കുന്നുണ്ടെന്ന്‌ സിന്ധു കോൺക്ലേവിൽ പറഞ്ഞു. ഇതുവരെ ആയിരത്തോളം വിവാഹങ്ങൾ “കുടുംബശ്രീ മാട്രിമോണി’ വഴി നടന്നു.

 

ഇരുപത്തിരണ്ടാംവയസ്സിൽ സംരംഭകയായ കഥയാണ്‌ ഇടുക്കി സ്വദേശി ജോസ്‌മി ജയിംസിന്റേത്‌. ടോക് ഷോയിൽ പങ്കെടുത്തവരിൽ ഏറ്റവും പ്രായം കുറഞ്ഞ സംരംഭകയായിരുന്നു ജോസ്‌മി. ഇടുക്കിയിലെ കാമാക്ഷി പഞ്ചായത്തിലെ ഐശ്വര്യ കുടുംബശ്രീ അംഗമായ ജോസ്മി “ഹൈജീനിക്സ് സേഫ്റ്റി ക്ളോത്ത് നാപ്കിൻസ്’ എന്ന തങ്ങളുടെ സംരംഭത്തിന്റെ വിജയകഥയാണ് പറഞ്ഞത്. എംകോം പൂർത്തിയാക്കിയ ജോസ്മി, അമ്മയ്ക്കും മറ്റു രണ്ടുപേർക്കുമൊപ്പമാണ് തുണിപ്പാഡുകൾ നിർമിക്കുന്ന സംരംഭം 2020ൽ ആരംഭിക്കുന്നത്‌. ഇതുവരെ വിവിധ പ്രദർശനമേളകൾ വഴിയായിരുന്നു വിൽപ്പന. ഓൺലൈൻ വിൽപ്പനയ്‌ക്ക്‌ സൈറ്റ്‌ തയ്യാറാക്കാനുള്ള പരിശ്രമത്തിലാണ്‌. സ്കൂളുകളിൽ കുട്ടികൾക്ക്‌ ബോധവൽക്കരണ ക്ലാസും എടുക്കുന്നു.

ആലപ്പുഴ ജില്ലയിലെ മഹാലക്ഷ്മി ഗ്രൂപ്പിലെ അംഗമായ സലിലയും നാലുപേരും ചേർന്ന്‌ തുടങ്ങിയ വെന്തവെളിച്ചെണ്ണ നിർമിക്കുന്ന സ്ഥാപനം എല്ലാവർക്കും പ്രതിമാസം പതിനായിരം രൂപയിലേറെ വരുമാനം നേടാൻ കഴിയുന്ന സംരംഭമായി വളർന്നു. ടോക് ഷോയിൽ പങ്കെടുത്തവരുടെ വിജയകഥയ്‌ക്കൊപ്പം സാമൂഹ്യവും സാമ്പത്തികവുമായി അവർ കൈവരിച്ച പുരോഗതികൂടി വിവരിച്ചത്‌ കോൺക്ലേവിനെത്തിയ എല്ലാവർക്കും ആത്മവിശ്വാസം പകരുന്നതായി.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe