‘ബജറ്റിൽ നികുതിക്കൊള്ള, അശാസ്ത്രീയ വർധന, വിലക്കയറ്റം രൂക്ഷമാക്കും, പ്രത്യക്ഷസമരത്തിന് യുഡിഎഫ്’ : സതീശൻ

news image
Feb 3, 2023, 7:04 am GMT+0000 payyolionline.in

തിരുവനന്തപുരം : ധനപ്രതിസന്ധിയുടെ പേരിൽ സർക്കാർ നികുതിക്കൊള്ള നടത്തുന്നുവെന്ന് പ്രതിപക്ഷ നേതതാവ് വിഡി സതീശൻ. ബജറ്റ് പ്രഖ്യാപനങ്ങൾക്ക് പിന്നാലെ സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് പ്രതിപക്ഷ നേതാവ് ഉന്നയിച്ചത്. അശാസ്ത്രീയമായ നികുതി വർദ്ധനവാണ് ബജറ്റിൽ പ്രഖ്യാപിച്ചത്. വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിൽ ജനത്തെ കൂടുതൽ പ്രയാസത്തിലാക്കി പെട്രോളിനും ഡീസലിനും സെസ് പിരിക്കുന്നു. മദ്യത്തിന് സെസ് കൂട്ടുന്നത് ഗുരുതരമാണ്. നികുതി വർധനക്കെതിരെ യുഡിഎഫ് പ്രത്യക്ഷസമരത്തിന് ഇറങ്ങുമെന്നും സതീശൻ പ്രഖ്യാപിച്ചു .

 

വിലക്കയറ്റമുണ്ടാകുമ്പോൾ ആളുകൾ മയക്കുമരുന്ന് ഉപയോഗത്തിലേക്ക് മാറാൻ സാധ്യതയുണ്ടെന്ന ആശങ്കയും സതീശൻ പങ്കുവെച്ചു. സാമൂഹിക സുരക്ഷാ പെൻഷൻ വർധിപ്പിക്കാതെയാണ് സെസ് ഏർപ്പെടുത്തുന്നത്. ബജറ്റിലെ പ്രഖ്യാപനങ്ങൾക്ക് യാതൊരു പ്രസക്തിയുമില്ല. പല പ്രഖ്യാപനങ്ങളും ഈ ബജറ്റിലും ആവർത്തിക്കപ്പെട്ടു. യാതൊരു പഠനത്തിന്റെ അടിസ്ഥാനവുമില്ലാത്തയുള്ള നികുതി വർദ്ധനവാണ് ബജറ്റിലുണ്ടായതെന്നും സതീശൻ കുറ്റപ്പെടുത്തി.

 

കിഫ്‌ബിയുടെ പ്രസക്തി പൂർണമായും നഷ്ടപ്പെട്ടു. കിഫ്‌ബി പ്രഖ്യാപനങ്ങൾ ബജറ്റിനകത്തേക്ക് വന്നു. പിന്നെ എന്തിനാണ് കിഫ്‌ബിയെന്നും സതീശൻ ചോദിച്ചു. നികുതി വർധിപ്പിച്ചത് സംസ്ഥാനത്ത് രൂക്ഷമായ വിലക്കയറ്റം ഉണ്ടാക്കും. സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാണ്. ബജറ്റിലെ കേരളാ മോഡൽ വായ്ത്താരികൾക്ക് യാഥാർഥ്യവുമായി ബന്ധമില്ല. സർക്കാരിന് സർക്കാർ നേരിടുന്ന പ്രതിസന്ധിയെ കുറിച്ചറിയില്ലെന്ന് സംശയമുണ്ടെന്നും സതീശൻ വാർത്താ സമ്മേളനത്തിൽ കുറ്റപ്പെടുത്തി. കൈ വയ്ക്കാൻ പറ്റുന്ന ഇടങ്ങളിൽ എല്ലാം സർക്കാർ കൊള്ളയടിയാണ്. ന്യായ വില കൂട്ടിയതിന് ശാസ്ത്രീയത ഇല്ല. കഴിഞ്ഞ ആറ് വർഷത്തെ ഏറ്റവും വലിയ നികുതി കൊള്ളയാണുണ്ടായതെന്നും സതീശൻ കുറ്റപ്പെടുത്തി.

 

സംസ്ഥാനത്തിന്‍റെ  ധനപ്രതിസന്ധി മറികടക്കുന്നതിനായി ബജററില്‍ പ്രഖ്യാപിച്ച അധിക നികുതി നിര്‍ദ്ദേശങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് രമേശ് ചെന്നിത്തലയും രംഗത്തെത്തി. ഇന്ധനവിലയിലെ വര്‍ദ്ധന വിലക്കയറ്റത്തിന് വഴിവക്കുമെന്നും ജനങ്ങളുടെ നടു ഒടിക്കുന്ന ബജറ്റിൽ എല്ലാത്തിനും അധിക നികുതി ചുമത്തിയിരിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe