തിരുവനന്തപുരം: കേരളത്തിനും തമിഴ്നാടിനുമെതിരെ വിദ്വേഷ പരാമർശം നടത്തിയ കേന്ദ്ര സഹമന്ത്രിയും ബി.ജെ.പി സ്ഥാനാർത്ഥിയുമായ ശോഭ കരന്ദലാജെക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. കേരളത്തെയും മലയാളികളെയും ആക്ഷേപിച്ചുള്ള പരാമര്‍ശം പിന്‍വലിച്ച് പരസ്യമായി മാപ്പ് പറയാന്‍ ശോഭ കരന്ദലജെ തയാറാകണമെന്ന് വി.ഡി സതീശന് ആവശ്യപ്പെട്ടു.
പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയാന്‍ തയാറായില്ലെങ്കില്‍ കോണ്‍ഗ്രസും യു.ഡി.എഫും തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കുന്നത് ഉള്‍പ്പെടെ നിയമനടപടികൾ ആലോചിക്കുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു. വെറുപ്പും വിദ്വേഷവും സമൂഹത്തില്‍ കലര്‍ത്തി ജാതീയവും വംശീയവുമായി ജനങ്ങളെ വേര്‍തിരിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കുകയെന്ന ബി.ജെ.പിയുടെ പതിവ് രീതിയാണ് ശോഭ കരന്ദലജെയുടെ പ്രസ്താവനയുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിനു പിന്നിൽ തമിഴ്നാട് സ്വദേശിയാണെന്നും കേരളത്തിൽനിന്ന് എത്തിയവർ കർണാടകയിലെ പെൺകുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുകയാണെന്നുമായിരുന്നു ശോഭയുടെ വിവാദ പരാമർശം. ഇതിനെതിരെ വ്യാപക വിമർശനം ഉയർന്നു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉൾപ്പെടെ മന്ത്രിക്കെതിരെ രംഗത്തെത്തി. ഇതോടെ തമിഴ്നാടിനെതിരായ വിദ്വേഷ പരാമർശത്തിൽ ശോഭ മാപ്പുപറഞ്ഞു. എന്നാൽ, കേരളത്തിനെതിരായ പരാമർശം പിൻവലിക്കാൻ അവർ തയാറായിട്ടില്ല.