വാഷിങ്ടൺ: ഡെൽറ്റ എയർലൈൻസിന്റെ ഡി.എൽ2162 വിമാനം പറന്നുയർന്നപ്പോഴാണ് വലിയ രീതിയിലുള്ള ദുർഗന്ധം വമിക്കുന്നത് യാത്രക്കാരിലൊരാൾ കണ്ടെത്തിയത്. അതിന്റെ കാരണം റെഡ്ഡിറ്റിൽ കുറിച്ചിരിക്കുകയാണ് യാത്രക്കാരി. ഡെൽറ്റ എയർലൈൻസിൽ അലബാമയിൽ നിന്ന് അറ്റ്ലാന്റയിലേക്കായിരുന്നു ഇവരുടെ യാത്ര.
ക്രിസ്മസിനോടനുബന്ധിച്ച് അലബാമയിൽ നിന്ന് കണക്ടിങ് വിമാനത്തിൽ അറ്റ്ലാന്റയിലേക്ക് പോവുകയായിരുന്നു യാത്രക്കാരിയും എട്ടു വയസുള്ള മകളും. 20 മിനിറ്റ് വിമാനത്തിൽ യാത്ര ചെയ്തപ്പോൾ ദുർഗന്ധം അസഹനീയമായി. തുടർന്ന് അവർ മകളോട് അബദ്ധത്തിലെങ്ങാനും വിമാനത്തിൽമൂത്രമൊഴിച്ചു പോയോ എന്ന് ചോദിച്ചു. എന്നാൽ അക്കാര്യം മകൾ നിഷേധിച്ചു. ആ യാത്രയിലുടനീളം അവർ ദുർഗന്ധം സഹിക്കേണ്ടി വന്നു. വിമാനം ലക്ഷ്യസ്ഥാനത്ത് എത്തിയതിനു ശേഷമാണ് അവർക്ക് അതിന്റെ കാരണം മനസിലായത്.
അവരുടെ സീറ്റിന് എട്ട് നിരകൾ മുന്നിലിരുന്ന മറ്റൊരു യാത്രക്കാരൻ തന്റെ സീറ്റിൽ മലമൂത്ര വിസർജനം നടത്തിയതാണ് ദുർഗന്ധത്തിന് കാരണം. അയാൾ മലമൂത്ര വിസർജനത്തിനു ശേഷം തന്റെ സീറ്റ് പൂർണമായി മൂടിവെക്കുകയും ചെയ്തു. ഏകദേശം 45 മിനിറ്റോളം വിമാനം റൺവേയിൽ ടാക്‌സി പിടിച്ചിട്ടുണ്ടെന്ന് ഉപയോക്താവ് അഭിപ്രായങ്ങളിൽ വിശദീകരിച്ചു. അതിനർഥം യാത്രക്കാരൻ മുഴുവൻ സമയവും സ്വന്തം മലമൂത്ര വിസർജനത്തിൽ ഇരിക്കുകയായിരുന്നു എന്നാണ്. യാത്രക്കാരന് ചിലപ്പോൾ വയറിളക്കമാകാം എന്നാണ് ചിലർ പോസ്റ്റിന് പ്രതികരിച്ചത്.
താനും അയാൾ ഇരുന്ന അതേ നിരയിലായിരുന്നു എന്ന് മറ്റൊരാൾ കുറിച്ചു. സീറ്റിൽ വിസർജനം കണ്ടെന്നും യാത്രക്കാരൻ ശുചിമുറിയിലേക്ക് ഓടുന്നത് ശ്രദ്ധയിൽ പെട്ടെന്നും അയാൾ കൂട്ടിച്ചേർത്തു. കയറുന്നതിന് മുമ്പ്തന്നെ വിമാനത്തിൽ നിന്ന് വിചിത്രമായ ദുർഗന്ധം വമിക്കുന്നുണ്ടായിരുന്നു.