ന്യൂയോർക്ക്∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ പാർട്ടിയും ഭാവിയെ കുറിച്ചു സംസാരിക്കുന്നില്ലെന്നും മുൻകാലങ്ങളിൽ അവരുടെ പരാജയത്തിനു കാരണമായവരെ പഴിപറയുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. യുഎസിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒഡീഷ ട്രെയിൻ അപകടത്തിൽ മരിച്ചവർക്കായി 60 സെക്കന്റ് മൗനം ആചരിച്ചു. ‘കോൺഗ്രസ് അധികാരത്തിലിരുന്ന സമയത്തുണ്ടായ ഒരു ട്രെയിൻ അപകടം ഞാൻ ഓർക്കുന്നു. അന്ന് ഈ ട്രെയിൻ അപകടത്തിന് ഉത്തരവാദികൾ ബ്രിട്ടീഷുകാരാണെന്ന് കോൺഗ്രസ് ആരോപിച്ചിട്ടില്ല. ഈ അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അന്നത്തെ കോണ്‍ഗ്രസ് മന്ത്രി രാജിവച്ചു. ഇതാണ് ഇപ്പോൾ നമ്മൾ നേരിടുന്ന വലിയ പ്രശ്നം. നമ്മൾ ഒഴിവുകഴിവുകൾ കണ്ടെത്തുന്നു. യാഥാർഥ്യത്തെ നേരിടാൻ തയാറാകുന്നില്ല.’– രാഹുൽ ഗാന്ധി പറഞ്ഞു.
ബിജെപിക്കും ആർഎസ്എസിനും ഭാവിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘പ്രധാനമന്ത്രി ഒരു ഇന്ത്യന്‍ കാർ ഡ്രൈവ് ചെയ്യാൻ ശ്രമിക്കുകയാണ്. പിറകിലെ കണ്ണാടിയിൽ അദ്ദേഹം നോക്കുന്നുണ്ട്. പക്ഷേ, ഈ കാർ തകർന്നു പോകുകയാണെന്നും മുന്നോട്ടു നീങ്ങുന്നില്ലെന്നും അദ്ദേഹത്തിനു മനസ്സിലാകുന്നില്ല. ഇതുതന്നെയാണ് ബിജെപിയുടെയും ആർഎസ്എസിന്റെയും ആശയങ്ങൾ. നിങ്ങൾ പ്രധാനമന്ത്രിയെയും മന്ത്രിമാരെയും കേൾക്കണം. അവർ ഭാവിയെ കുറിച്ചു സംസാരിക്കുന്നത് നിങ്ങൾക്കു കേൾക്കാനാകില്ല. അവർ ഭൂതകാലത്തെ കുറിച്ചു മാത്രമാണ് സംസാരിക്കുന്നത്. അവരിപ്പോഴും മുൻപുണ്ടായിരുന്നവരെ പഴിച്ചുകൊണ്ടിരിക്കുകയാണ്. ’– രാഹുൽ ഗാന്ധി പറഞ്ഞു.
കോൺഗ്രസും ആർഎസ്എസും തമ്മിലുള്ള ആശയസംഘട്ടനമാണ് ഇന്ത്യയിൽ നടക്കുന്നതെന്നും രാഹുൽ കൂട്ടിച്ചേർത്തു. ‘ഒരു വശത്ത് മഹാത്മാഗാന്ധിയുടെ ആശയങ്ങളും മറുവശത്ത് ഗോഡ്സെയുടെ ആശയങ്ങളുമാണ്. അങ്ങനെയാണ് ഇന്ത്യയില്‍ ആശയ സംഘട്ടനം നടക്കുന്നത്.’– രാഹുൽ വ്യക്തമാക്കി. അമേരിക്കയിലെ ഇന്ത്യൻ ജനതയെ രാഹുൽ പ്രശംസിക്കുകയും ചെയ്തു.