കോഴിക്കോട് : മൊകേരി ശ്രീധരൻ വധകേസിൽ മുഴുവൻ പ്രതികളെയും കോടതി വെറുതെ വിട്ടു. ശ്രീധരന്റെ ഭാര്യ ഗിരിജ, മാതാവ് ദേവി, പശ്ചിമ ബംഗാൾ സ്വദേശി പരിമൾ ഹൽദാർ എന്നിവരെയാണ് കോഴിക്കോട് അഡിഷണൽ സെഷൻസ് കോടതി വെറുതെ വിട്ടത്. ഭാര്യയും ബംഗാള്‍ സ്വദേശിയായ കാമുകനും ഭാര്യ മാതാവും ചേര്‍ന്ന് ശ്രീധരനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു കേസ്.
2017 ജൂലൈ 8 നാണ് കേസിന് ആസ്പദമായ സംഭവം. മൊകേരി സ്വദേശിയായ ശ്രീധരന്റെ മരണം ഹൃദയാഘാതം മൂലമെന്നായിരുന്നു ഭാര്യയും ഭാര്യമാതാവും ബന്ധുക്കളെ അറിയിച്ചത്. എന്നാല്‍ മരണത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ പ്രക്ഷോഭത്തിന് ഇറങ്ങിയതോടെയാണ് കുറ്റ്യാടി പൊലീസ് കേസ് രജിസ്റ്റർ ചെയ്തതും മറവ് ചെയ്ത ജഡം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്തതും. പോസ്റ്റ്മോർട്ടത്തില്‍ ശ്രീധരനെ വിഷം നൽകി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായി. തുടര്‍ന്ന് ശ്രീധരന്റെ ഭാര്യ ഗിരിജ, മാതാവ് ദേവി, പശ്ചിമ ബംഗാൾ സ്വദേശി പരിമൾ ഹൽദാർ എന്നീ മൂന്ന് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ഉപയോഗിച്ച തോര്‍ത്ത് ഉള്‍പ്പെടെ കണ്ടെത്തി. 38 സാക്ഷികളെ കോടതി വിസ്തരിച്ചു. മൂന്നു പ്രതികളുടെയും കുറ്റസമ്മത മൊഴിയും പൊലീസ് കോടതിയിൽ ഹാജരാക്കിയിരുന്നു. എന്നാല്‍ തെളിവുകളുടെ അഭാവത്തിലാണ് മൂന്ന് പ്രതികളെയും കോടതി വെറുതെ വിട്ടത്. ഒന്നാം പ്രതിക്ക് വേണ്ടി അഡ്വക്കേറ്റ് എം. മുഹമ്മദ് ഫിർദൗസും രണ്ടും മൂന്നും പ്രതികൾക്കായി അഡ്വക്കേറ്റ് എം. കെ. കൃഷ്ണമോഹനനും ഹാജരായി.