ഇംഫാല്‍: മണിപ്പൂരിൽ വീണ്ടും വെടിവയ്പ്പ്. നരൻസീനയിൽ നടന്ന വെടിവെപ്പിൽ ഒരാൾക്ക് പരിക്കേറ്റു. ആഗസ്റ്റ് 29ന് തുടങ്ങിയ സംഘര്‍ഷത്തില്‍ ഇതുവരെ 8 പേരാണ് കൊല്ലപ്പെട്ടത്.
ഇംഫാലിലെ ന്യൂ ലാംബുലേനിലെ കുക്കി കുടുംബങ്ങളെ സർക്കാർ ഒഴിപ്പിച്ചു. 24 പേരെ ക്യാങ്ങ്പോപ്പിയിലേക്കാണ് മാറ്റിയത്. ഇവരുടെ വീടുകൾക്ക് നേരത്തെ കേന്ദ്രസേന കാവൽ ഏര്‍പ്പെടുത്തിയിരുന്നു. മുൻകൂട്ടി അറിയിക്കാതെ നിർബന്ധിതമായി മാറ്റിയെന്ന് താമസക്കാർ പരാതിപ്പെട്ടു.
അതിനിടെ മെയ്തെയ് സംഘടന പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. ‘കറുത്ത സെപ്തംബർ’ ആചരിക്കാനാണ് തീരുമാനം. വീടുകളിൽ കറുത്ത കൊടി കെട്ടാൻ ആഹ്വാനം ചെയ്തു. ഈ മാസം 21 വരെയാണ് പ്രതിഷേധം. കേന്ദ്ര സർക്കാരിനും കുക്കികൾക്കും എതിരെയാണ് മെയ്തെയ് വിഭാഗത്തിന്റെ പ്രതിഷേധം.
മണിപ്പൂരില്‍ മെയ് 3ന് ആരംഭിച്ച സംഘര്‍ഷം നാല് മാസമായിട്ടും അവസാനിച്ചിട്ടില്ല. ജനങ്ങള്‍ക്ക് ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉറപ്പാക്കണമെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ആവശ്യമെങ്കില്‍ എയര്‍ ഡ്രോപ്പിങ് ഉള്‍പ്പെടെ പരിഗണിക്കണമെന്ന് കോടതി കേന്ദ്ര സര്‍ക്കാരിനോടും മണിപ്പൂര്‍ സര്‍ക്കാരിനോടും ആവശ്യപ്പെട്ടു.