പേരാമ്പ്ര : കോഴിക്കോട് ജില്ലയിലെ ഏക വൻകിട ജലസേചന പദ്ധതിയായ കുറ്റ്യാടി ജലസേചന പദ്ധതിയുടെ പെരുവണ്ണാമൂഴി ഡാം റിസർവോയറിലെ ചെളി നീക്കി ആഴം കൂട്ടാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യമുയരുന്നു.
ജില്ലയിലെ മൂന്ന് താലൂക്കുകളിലുമുള്ള 10, 000 ഹെക്ടറിൽ അധികം വരുന്ന പാടശേഖരങ്ങളിൽ കൃഷിക്ക് ജലസേചനം നടത്തുന്നത് ഈ റിസർവോയറിൽ നിന്നാണ്. ജില്ലയിലാകെ വ്യാപിച്ചു കിടക്കുന്ന 600 കിലോ മീറ്റർ നീളം വരുന്ന കനാലുകളിൽ കൂടി ഫെബ്രുവരി മുതൽ മെയ് മാസം വരെ ജലവിതരണം നടത്തുന്നതിനാൽ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് കുടിവെള്ള ലഭ്യതയും ഉറപ്പാക്കുന്നതോടൊപ്പം വരൾച്ചയിൽ നിന്ന് നാടിനെ രക്ഷിക്കുകയും ചെയ്യുന്നു. കൂടാതെ കോഴിക്കോട് നഗരത്തിലും 13 സമീപ പഞ്ചായത്തുകളിലും കുടിവെള്ള വിതരണത്തിന് നടപ്പിലാക്കിയ ജപ്പാൻ സഹായ വാട്ടർ സപ്ലൈ സ്കീമിനും
കൊയിലാണ്ടി താലൂക്കിലെ 16 പഞ്ചായത്തുകളിൽ കുടിവെള്ള വിതരണത്തിനായി നടപ്പിലാക്കി കൊണ്ടിരിക്കുന്ന ജല ജീവൻ വാട്ടർ സപ്ലൈ സ്കീമിനും പെരുവണ്ണാമൂഴിയിൽ സ്ഥാപിച്ച 6 മെഗാവാട്ട് വൈദ്യുതി ഉൽപാദന പദ്ധതിക്കും ജലം നൽകേണ്ടതും ഈ ജലാശയത്തിൽ നിന്നാണ്.
അതേസമയം ഈ റിസർവോയറിൽ വ്യാപകമായി ധാരാളം മണൽ / എക്കൽ വന്നടിഞ്ഞതായി കാണുന്നു. ഇത് റിസർവോയറിന്റെ ജലസംഭരണ ശേഷി ഗണ്യമായി കുറയ്ക്കാൻ ഇടയാക്കുന്നുണ്ട്. ബഹുമുഖ പദ്ധതികളുടെ ഭാവിയിലെ സുഗമമായ പ്രവർത്തനത്തിന് വേണ്ടി പെരുവണ്ണാമൂഴി ഡാം റിസർവോയറിൽ അടിഞ്ഞു കൂടിയിട്ടുള്ള മണൽ എത്രയും പെട്ടെന്ന് എടുത്തു മാറ്റി ഡാമിൻറെ പൂർണ്ണ സംഭരണ ശേഷി ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. പെരുവണ്ണമുഴി ഡാം റിസർവോയറിൽ 50 വർഷത്തിലധികമായി അടിഞ്ഞു കൂടിയ ഏക്കലും ചെളിയും നീക്കേണ്ടത് അത്യന്താപേക്ഷിതമാണ്. 2019 ൽ കേരള എഞ്ചിനീയറിംഗ് റിസർച്ച് ഇൻസ്റ്റിട്യൂട്ട് നടത്തിയ സർവ്വേ പ്രകാരം ജലാശയത്തിൽ സംഭരണ ശേഷിയുടെ 33 ശതമാനം ചെളിയുണ്ട് എന്നാണ് കണ്ടെത്തൽ. ചെളി നീക്കം ചെയ്താൽ ജലസംഭരണ ശേഷി വർധിപ്പിക്കാനും ജലസേചനം, പവ്വർ ജനറേഷൻ, കുടിവെള്ള പദ്ധതികൾ എന്നിവക്ക് ആവശ്യമായ വെള്ളം ഉറപ്പു വരുത്താനുമാകും. ഇതിനുള്ള ചെലവ് 1500 കോടി രൂപ വരുമെന്നാണു ജലസേചന വകുപ്പിന്റെ പ്രഥമ കണക്കു കൂട്ടൽ. നീക്കം ചെയ്യുന്ന മണ്ണ് /മണൽ വില്പന നടത്തി പദ്ധതി ചെലവ് സമാഹരിക്കാനുമാകും. ടെൻഡർ / ലേലം നടപടികളിലൂടെയും ചെളി നീക്കം നടത്താനാകും. ഇതിനു ശേഷിയുള്ള ഏജൻസികൾ നിലവിലുണ്ട്. ഇതിനാവശ്യമായ നടപടിയാണു സർക്കാർ ഭാഗത്തു നിന്നുമുണ്ടാകേണ്ടത്.