പുഴയില്‍നിന്ന് കയറിയത് നടക്കാനാകാതെ, അതിരപ്പിള്ളിയിലെ തോട്ടത്തിൽ കിടക്കുന്ന ‘ഗണപതി’യുടെ നിലയില്‍ മാറ്റമില്ല

news image
Mar 14, 2024, 4:44 am GMT+0000 payyolionline.in

തൃശൂര്‍: അതിരപ്പിള്ളി വനമേഖലയോട് ചേര്‍ന്ന തോട്ടത്തില്‍ അവശനിലയില്‍ കണ്ടെത്തിയ കാട്ടാന ഗണപതിയുടെ ആരോഗ്യ നിലയില്‍ മാറ്റമില്ല. ആനയുടെ ആരോഗ്യനിലയില്‍ പുരോഗതിയില്ലെന്ന് പരിശോധനയില്‍ തെളിഞ്ഞതോടെ ചികിത്സയൊരുക്കാന്‍ ഒരുങ്ങുകയാണ് വനം വകുപ്പ്.

അതിരപ്പിള്ളി പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ എണ്ണപ്പന തോട്ടത്തിലാണ് അവശനിലയിലായ കൊമ്പനെ കണ്ടത്. ബുധനാഴ്ചയും ആന എണ്ണപ്പന തോട്ടത്തില്‍ തന്നെയുണ്ടായിരുന്നു. കഴിഞ്ഞ ദിവസം കണ്ട സ്ഥലത്ത് നിന്നും അല്പം മാറിയാണ് ബുധനാഴ്ച ആനയുള്ളത്. സ്ഥിരമായി ജനവാസ മേഖലയിലേക്കെത്തുന്നതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ ഗണപതി എന്ന് വിളിക്കുന്ന ആന തന്നെയാണിതെന്നാണ് കരുതുന്നത്.

 

തൃശൂരില്‍ നിന്നും കോടനാടില്‍ നിന്നും വെറ്ററിനറി ഡോക്ടര്‍മാര്‍ സ്ഥലത്തെത്തിയിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരും ആനയെ നിരീക്ഷിക്കുന്നുണ്ട്. ആര്‍ആര്‍ടി സംഘവും സജ്ജമാണ്. പ്രാഥമിക നിരീക്ഷണത്തില്‍ ആനയ്ക്ക് ചികിത്സ ആവശ്യമാണെന്നാണ് നിഗമനം. ആരോഗ്യസ്ഥിതി കൂടുതല്‍ മോശമായാല്‍ അടിയന്തര ചികിത്സ നല്കാനുള്ള തയാറെടുപ്പും നടക്കുന്നുണ്ട്.

 

കഴിഞ്ഞ ദിവസം പുഴയില്‍നിന്നും കയറിവന്ന ആനയ്ക്ക് നടക്കാനാകാതെ പ്ലാന്റേഷന്‍ തോട്ടത്തില്‍ കിടക്കുന്നത് കണ്ട പ്രദേശവാസികളാണ് സംഭവം ആദ്യമറിയുന്നത്. പ്രദേശവാസികളുടെ ബഹളംകേട്ട് ആന കുറച്ചുദൂരം നടന്നെങ്കിലും വീണ്ടും കിടന്നു. പന്തികേട് തോന്നിയ നാട്ടുകാരാണ് വനംവകുപ്പിനെ വിവരം അറിയിച്ചത്.

 

കുറച്ച് നാളുകളായി ആന പ്രദേശത്തെ കൃഷിയിടങ്ങളിലിറങ്ങുന്നതും കൃഷി നശിപ്പിക്കുന്നതും പതിവായിരുന്നു. ആനയുടെ ശല്യം ഒഴിവാക്കാന്‍ കാര്‍ഷിക വിളകളില്‍ വിഷംവച്ചത് കഴിച്ചത് മൂലമാണോ ആന അവശനിലയിലായതെന്ന് സംശയമുണ്ട്. അടുത്ത ദിവസവും ആനയുടെ നിലയില്‍ മാറ്റമില്ലെങ്കില്‍ ചികിത്സാ സൗകര്യമൊരുക്കാനാണ് പദ്ധതി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe