തിരുവനന്തപുരം: വിവിധ സർക്കാർ ഏജൻസികൾ വഴി കൃഷി വകുപ്പ് നടത്തിവരുന്ന പച്ചത്തേങ്ങ സംഭരണം തുടരുമെന്നും കൊപ്ര സംഭരണം വിപുലീകരിക്കുമെന്നും മന്ത്രി പി. പ്രസാദ് പറഞ്ഞു. പച്ചത്തേങ്ങയും വിത്ത് തേങ്ങയും നൽകിയ കർഷകർക്കുള്ള സംഭരണ വില കൊടുക്കാനുള്ള നടപടി പുരോഗമിക്കുന്നതായും മന്ത്രി അറിയിച്ചു.
കേന്ദ്രം നൽകുന്ന താങ്ങുവിലയ്ക്ക് പുറമേ സംസ്ഥാനം കിലോക്ക് 4.7 രൂപ നൽകി അടിസ്ഥാന വില 34 രൂപ കർഷകർക്ക് ഉറപ്പാക്കുന്നു. കൈകാര്യചെലവിന് പുറമേ, ഒരു കിലോ പച്ച തേങ്ങക്ക് 1.7 രൂപ ക്രമത്തിൽ വി.എഫ്.പി.സി.കെക്ക് നിജപ്പെടുത്തി നൽകി. കൃഷിഭവൻ ഉദ്യോഗസ്ഥരുടെ സഹകരണവും സംഭരണ പ്രവർത്തനങ്ങൾക്കായി 50 ലക്ഷം രൂപയും അനുവദിച്ചു. കേന്ദ്ര സർക്കാറിന്റെ പ്രൈസ് സപ്പോർട്ട് സ്കീം പ്രകാരം കേരഫെഡിനെ കൊപ്ര സംഭരണത്തിൽനിന്ന് നാഫെഡ് ഒഴിവാക്കി. വ്യവസ്ഥ മാറ്റി നൽകാൻ കേന്ദ്ര സർക്കാറിനോട് രേഖാമൂലവും നേരിട്ടും കത്തിലൂടെയും ആവശ്യപ്പെട്ടു. കൊപ്ര സംഭരണത്തില്‍ ഉണ്ട കൊപ്ര കൂടി ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടതായി മന്ത്രി അറിയിച്ചു.
കേരളത്തിൽ ഒരു നാളികേരത്തിന്റെ ഉൽപാദന ചെലവ് 9.91 രൂപയും അഖിലേന്ത്യ അടിസ്ഥാനത്തില്‍ അത് 7.92 രൂപയുമാണ്. ഇവിടത്തെ ഉൽപാദന ചെലവ് പരിഗണിച്ച് സംസ്ഥാന അടിസ്ഥാനത്തില്‍ താങ്ങുവില പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് പല തവണ ആവശ്യപ്പെട്ടതായി മന്ത്രി വ്യക്തമാക്കി. വർഷത്തിൽ തെങ്ങ് ഒന്നിന് പരമാവധി 70 എന്ന കണക്കിൽ പച്ചത്തേങ്ങ സംഭരിക്കാൻ അനുവാദമുണ്ട്. വർഷത്തിൽ ആറുതവണയുള്ളത്, കർഷകർ രേഖാമൂലം ആവശ്യപ്പെട്ടാൽ അഞ്ചുതവണയായി സംഭരിക്കാം. പുതിയ സംഭരണകേന്ദ്രങ്ങൾ ആരംഭിക്കാനുള്ള നടപടികൾക്ക് കൃഷി ഡയറക്ടർക്ക് അനുവാദം നൽകി. ആസിയാൻ കരാർ പോലുള്ള രാജ്യത്തിന്റെ അന്താരാഷ്ട്ര ഇടപെടലുകൾ മൂലം കേര കർഷകരിലുണ്ടാക്കിയ ആഘാതങ്ങൾക്ക് അറുതിവരുത്താൻ കേരഗ്രാമങ്ങൾ പോലുള്ള പദ്ധതികൾക്ക് കഴിഞ്ഞെന്നും പുതിയ കേര ഗ്രാമങ്ങൾ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.