കോട്ടയം > പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് നിരീക്ഷകന്റെ നിർദ്ദേശത്തെ തുടർന്ന് ജില്ലയിലെ ഓണക്കിറ്റ് വിതരണം മാറ്റി. തിങ്കളാഴ്ച ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ജില്ലാ സപ്ലൈ ഓഫീസറും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് തിരഞ്ഞെടുപ്പ് നിരീക്ഷകൻ നിർദ്ദേശം മുന്നോട്ടു വച്ചത്. തെരഞ്ഞെടുപ്പ് കമീഷൻ അനുമതി നൽകിയാൽ മാത്രമേ ഇപ്പോൾ വിതരണം ചെയ്യാവൂ എന്നും ഇല്ലെങ്കിൽ തിരഞ്ഞെടുപ്പ് ദിനമായ സെപ്‌തംബർ അഞ്ചിന് ശേഷം മാത്രമേ വിതരണം ചെയ്യാവൂ എന്നുമായിരുന്നു നിർദ്ദേശം.
ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ തെരഞ്ഞെടുപ്പ് കമീഷനോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും കമീഷന്റെ തീരുമാനം വരുന്നത് വരെ കിറ്റുകൾ വിതരണം ചെയ്യില്ലെന്നും ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. ജില്ലയിൽ മുപ്പതിനായിരത്തിൽപരം കുടുംബങ്ങൾക്കാണ് സൗജന്യ ഓണക്കിറ്റ് ലഭിക്കേണ്ടിയിരുന്നത്. എഎവൈ റേഷൻ കാർഡ് (മഞ്ഞ) ഉടമകൾക്കും ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാർക്കും റേഷൻകട വഴി സൗജന്യമായാണ് ഓണക്കിറ്റ് നൽകാൻ തീരുമാനിച്ചിരുന്നത്. കിറ്റ് വിതരണം ഓണത്തിന് മുമ്പ് പൂർത്തിയാക്കാൻ ഞായർ, തിങ്കൾ ദിവസങ്ങളിലും റേഷൻകട തുറന്നു പ്രവർത്തിക്കണമെന്നും നിർദ്ദേശിച്ചിരുന്നു.