തിരുവനന്തപുരം > ഈ ഓണത്തിന് ഭാഗ്യം പരീക്ഷിക്കാൻ 25 ലക്ഷത്തിലധികം മലയാളികൾ. 25 കോടി രൂപ ഒന്നാം സമ്മാനമുള്ള ഓണം ബമ്പർ ടിക്കറ്റുകളിൽ തിങ്കൾവരെ വിറ്റത് 25,93,358ല്‍ അധികം. ഒരു കോടി രൂപവീതം 20 പേർക്ക് നൽകുന്ന രണ്ടാം സമ്മാനവും 50 ലക്ഷം രൂപ മൂന്നാം സമ്മാനവും യഥാക്രമം അഞ്ച് ലക്ഷവും രണ്ടുലക്ഷവും നാലും അഞ്ചും സമ്മാനങ്ങളും 500 രൂപ അവസാന സമ്മാനവുമായി തിരുവോണം ബമ്പർ ടിക്കറ്റ് വിൽപ്പന വൻഹിറ്റാണ്. തിങ്കളാഴ്ച മാത്രം 1.34 ലക്ഷം ടിക്കറ്റുകൾ പൊതുജനങ്ങളിലേക്കെത്തി. അഞ്ചുലക്ഷത്തോളം ടിക്കറ്റ് വിറ്റഴിച്ച പാലക്കാട് ജില്ല ഒന്നാം സ്ഥാനത്താണ്. മൂന്നര ലക്ഷം ടിക്കറ്റ് വിൽപ്പനയുമായി തിരുവനന്തപുരം ജില്ല രണ്ടാം സ്ഥാനത്തും മൂന്നുലക്ഷത്തോളം വിൽപ്പന കൈവരിച്ച് തൃശൂർ ജില്ല മൂന്നാം സ്ഥാനത്തുമുണ്ട്. ഒന്നാം സമ്മാനം നേടുന്ന ടിക്കറ്റ് വിൽക്കുന്ന ഏജന്റിന് നൽകുന്ന കമീഷൻ കൂടി ലഭിക്കുമ്പോൾ ഇക്കുറി ഒറ്റ ബമ്പർ വഴി സൃഷ്ടിക്കപ്പെടുന്നത് 22 കോടിപതികൾ.
ആകെയുള്ളത് 5.34 ലക്ഷത്തോളം സമ്മാനങ്ങൾ. 500 രൂപയാണ് ഒരു ടിക്കറ്റിന് വില. ഒന്നാം സമ്മാനാർഹമാകുന്ന ടിക്കറ്റിന്റെ മറ്റ് ഒമ്പതു സീരീസുകളിലെ അതേ നമ്പരുകൾക്ക് സമാശ്വാസ സമ്മാനമായി അഞ്ചു ലക്ഷം രൂപ വീതം ലഭിക്കും. കഴിഞ്ഞ വർഷം 75.76 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്.