വിജയന്മാഷ് ഓര്‍മയായിട്ട് ഒക്ടോബര്‍ 3 ന് 6 വര്‍ഷം

news image
Oct 3, 2013, 12:02 am IST payyolionline.in

കൊടുങ്ങല്ലൂരിനടുത്ത് ലോകമലേശ്വരത്ത് 1930 ജൂണ്‍എട്ടിന് ജനനം. അച്ഛന്‍ പതിയാശേരില്‍ നാരായണമേനോന്‍. അമ്മ മൂളിയില്‍ കൊച്ചുഅമ്മ. പതിനെട്ടരയാളം എല്‍ പി സ്‌കൂളിലും, കൊടുങ്ങല്ലൂര്‍ ബോയ്‌സ് ഹൈസ്‌കൂളിലുമായാണ് സ്‌കൂള്‍ വിദ്യഭ്യാസം പൂര്‍ത്തിയാക്കിയത്. പിന്നീട് എറണാകുളം മഹാരാജാസ് കോളേജില്‍ ഇന്റര്‍ മീഡിയറ്റിനും ബി എ യ്ക്കും ചേര്‍ന്നു. ബിരുദം നേടിയശേഷം എറണാകുളം ഗവ. ലോകോളേജില്‍ നിയമപഠനത്തിനുചേര്‍ന്നെങ്കിലും പൂര്‍ത്തിയാക്കാനായില്ല. അല്‍പകാലത്തിനുശേഷം അമ്മാവനോടൊത്ത് മദിരാശിയിലേക്ക് പോയി. മദിരാശി സര്‍വകലാശാലയില്‍ നിന്നും മലയാളത്തില്‍ എം എ പാസായി.1952 ല്‍ മദിരാശി ന്യൂകോളേജില്‍ അദ്ധ്യാപകനായിചേര്‍ന്നു. ഇക്കാലത്ത് ഫോട്ടോഗ്രാഫിയില്‍ കമ്പംകയറി. ഏഴുവര്‍ഷത്തിനു ശേഷം നാട്ടില്‍ മടങ്ങിയെത്തി. 1959 ല്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ മലയാളം അദ്ധ്യാപകന്‍. 1960 ല്‍ തലശ്ശേരി ബ്രണ്ണന്‍ കോളേജിലേക്ക് മാറി. 1985 ല്‍ സര്‍വീസില്‍നിന്നും വിരമിക്കുന്നതുവരെ അവിടെ തുടര്‍ന്നു. ’90കളുടെ ഒടുവില്‍ താമസം തലശ്ശേരിയില്‍നിന്നും ജന്മനാടായ കൊടുങ്ങല്ലൂരിലെ ‘കരുണ’യിലേക്കുമാറി.ചിതയിലെ വെളിച്ചം, കവിതയും മനഃശാസ്ത്രവും, വര്‍ണങ്ങളുടെ സംഗീതം, ശീര്‍ഷാസനം, കാഴ്ചപ്പാട്, അടയുന്നവാതില്‍ തുറക്കുന്നവാതില്‍, ഫാസിസത്തിന്റെ മനഃശാസ്ത്രം, മരുഭൂമികള്‍ പൂക്കുമ്പോള്‍, സംസ്‌കാരവും സ്വാതന്ത്യ്രവും, അടയാളങ്ങള്‍, മനുഷ്യര്‍ പാര്‍ക്കുന്നലോകങ്ങള്‍, കലയും ജീവിതവും, പുതിയ വര്‍ത്തമാനങ്ങള്‍, വാക്കും മനസും എന്നിവയാണ് പ്രധാന കൃതികള്‍.ദീര്‍ഘകാലം പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന പ്രസിഡന്റും ദേശാഭിമാനി വാരികയുടെ പത്രാധിപരുമായിരുന്നു.കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനത്തിന് സംഭവിക്കുന്ന അപചയങ്ങള്‍ക്കെതിരെ ഇടപെട്ടതിന്റെ പേരില്‍ അവസാനകാലത്ത് പാര്‍ട്ടിക്ക് അനഭിമതനായി.കമ്മ്യൂണിസം വ്യക്തികേന്ദ്രീകൃതമാകുന്നതിലെ അപകടങ്ങളെക്കുറിച്ച് പ്രസംഗങ്ങളായും ലേഖനങ്ങളായും എം.എന്‍ .വിജയന്‍ സംസാരിച്ചു.

3-10-2007-ന് തൃശൂര്‍ പ്രസ്‌ക്ലബില്‍ വെച്ച് പത്രസമ്മേളനം നടത്തിക്കൊണ്ടിരിക്കെ, ‘കേള്‍ക്കണമെങ്കില്‍ ഈ ഭാഷ വേണം’
എന്ന് അവസാനമായി പറഞ്ഞ് വാക്കുകള്‍ കൊണ്ട് കാലത്തെ ഓര്‍മ്മിപ്പിച്ച ചിന്തയുടെ വെളിച്ചം ഓര്‍മ്മയായി.

എം.എന്‍.വിജയന്റെ സമ്പൂര്‍ണ്ണകൃതികള്‍ പ്രശസ്ത സാഹിത്യകാരന്‍ എന്‍ പ്രഭാകരന്‍ ജനറല്‍ എഡിറ്ററായിക്കൊണ്ട് രണ്ട് വാള്യങ്ങളായി തൃശ്ശൂര്‍ കറന്റ് ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ശാരദയാണ് ഭാര്യ. പ്രശസ്ത ചെറുകഥാകൃത്തും കണ്ണൂര്‍ സര്‍വകലാശാല സ്റ്റുഡന്‍സ് സര്‍വീസസ് ഡയറക്ടറുമായ വി എസ് അനില്‍കുമാര്‍, കേരള കാര്‍ഷിക സര്‍വകലാശാലയില്‍ റിസര്‍ച്ച് ഓഫീസറായ വി എസ് സുജാത, കൊച്ചിയില്‍ ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥയായ വി എസ് സുനിത എന്നിവരാണ് മക്കള്‍. മരുമക്കള്‍: ഡോ. പി വി ബാലചന്ദ്രന്‍ (കാര്‍ഷിക സര്‍വകലാശാല), രാജഗോപാല്‍ (ബിസിനസ്, കൊച്ചി), രത്‌നമ്മ (അധ്യാപിക, സര്‍ സയ്യിദ് കോളേജ്, തളിപ്പറമ്പ്).

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe