2020ലെ സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; പി വി സുജിതിന് ജൂറി പുരസ്കാരം

news image
Dec 9, 2022, 7:43 am GMT+0000 payyolionline.in

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ 2020ലെ മാധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. അച്ചടി മാധ്യമ വിഭാഗത്തിൽ ജനറൽ റിപ്പോർട്ടിങ്, വികസനോന്മുഖ റിപ്പോർട്ടിങ്, ഫോട്ടോഗ്രഫി, കാർട്ടൂൺ എന്നിവയിലും ദൃശ്യമാധ്യമ വിഭാഗത്തിൽ ടിവി റിപ്പോർട്ടിങ്, സാമൂഹ്യ ശാക്തീകരണ റിപ്പോർട്ട്, ടിവി അഭിമുഖം, ടിവി ന്യൂസ് എഡിറ്റിങ്, ടിവി ന്യൂസ് ക്യാമറ, ടിവി ന്യൂസ് റീഡർ എന്നീ വിഭാഗങ്ങളിലുമാണു പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. അഴിക്കല്ലേ പ്രതിരോധം’ എന്ന ചിത്രത്തിന് ദേശാഭിമാനി ഫോട്ടോഗ്രാഫർ പി.വി. സുജിത്ത് ജൂറിയുടെ പ്രത്യേക പുരസ്‌കാരത്തിനും അർഹനായി.

 

അച്ചടി മാധ്യമ വിഭാഗത്തിൽ മാധ്യമത്തിലെ നൗഫൽ കെ. ജനറൽ റിപ്പോർട്ടിങ്ങിനുള്ള പുരസ്‌കാരത്തിന് അർഹനായി.  ദീപികയിലെ  റെജി ജോസഫ് മികച്ച വികസനോന്മുഖ റിപ്പോർട്ടിങ്ങിനുള്ള പുരസ്‌കാരം നേടി.

കേരള കൗമുദിയിലെ എൻ ആർ സുധർമ്മദാസിനാണ് മികച്ച ഫോട്ടോഗ്രഫിക്കുള്ള പുരസ്‌കാരം. ‘അമ്മമനം’ എന്ന അടിക്കുറിപ്പോടെയുള്ള ഫോട്ടോയ്ക്കാണ് അവാർഡ്. കേരള കൗമുദിയിലെ ടി.കെ. സുജിത്തിനാണു മികച്ച കാർട്ടൂണിനുള്ള പുരസ്‌കാരം.

ദൃശ്യ മാധ്യമ വിഭാഗത്തിൽ ഏഷ്യാനെറ്റ് ന്യൂസിലെ പി എസ് അനൂപാണ് മികച്ച റിപ്പോർട്ടർ.  ‘തീരം വിൽപ്പനയ്ക്ക്’ എന്ന റിപ്പോർട്ടിനാണു പുരസ്‌കാരം. മാതൃഭൂമി ന്യൂസിലെ റിയാ ബേബി ജൂറി പ്രത്യേക പരാമർശത്തിന് അർഹയായി. ഏഷ്യാനെറ്റ് ന്യൂസിലെ അജിത്കുമാർ എസിനാണ് മികച്ച സാമൂഹ്യ ശാക്തീകരണ റിപ്പോർട്ടിനുള്ള പുരസ്‌കാരം. 24 ന്യൂസിലെ ഗോപികൃഷ്ണൻ മികച്ച ടിവി അഭിമുഖത്തിനുള്ള പുരസ്‌കാരം നേടി.

മനോരമ ന്യൂസിലെ ബെന്നി ജേക്കബ് മികച്ച ടിവി ന്യൂസ് എഡിറ്റിങ്ങിനുള്ള പുരസ്‌കാരം നേടി. ഏഷ്യാനെറ്റ് ന്യൂസിലെ എം. ദീപുവാണു മികച്ച ക്യാമറമാൻ. മനോരമ ന്യൂസിലെ വി.വി. വിനോദ് കുമാർ ടിവി ക്യാമറമാൻ വിഭാഗത്തിൽ ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹനായി.  മനോരമ ന്യൂസിലെ ഫിജി തോമസാണ് മികച്ച ന്യൂസ് റീഡർ.

പി.എസ്. രാജശേഖരൻ, ആർ. സുഭാഷ്, സി.ഡി. ഷാജി എന്നിവരടങ്ങിയ ജൂറിയാണ് അച്ചടി മാധ്യമ പുരസ്‌കാരങ്ങൾ നിർണയിച്ചത്. നവാസ് പൂനൂർ, പി.വി. കൃഷ്ണൻ, കെ. മനോജ് കുമാർ എന്നിവരായിരുന്നു കാർട്ടൂൺ വിഭാഗം ജൂറി. സി.എൽ. തോമസ്, എൻ.കെ. രവീന്ദ്രൻ, പ്രിയ രവീന്ദ്രൻ എന്നിവരായിരുന്നു ദൃശ്യമാധ്യമ വിഭാഗത്തിലെ ജൂറി അംഗങ്ങൾ.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe