വാഷിങ്ടൺ: 1983ൽ യു.എസിലേക്കുള്ള യാത്രക്കിടെ ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയെ വധിക്കാൻ ഒരാൾ പദ്ധതിയിട്ടിരുന്നതായി ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ(എഫ്.ബി.ഐ) വെളിപ്പെടുത്തൽ. രാജ്ഞിയുടെ യു.എസ് യാത്ര സംബന്ധിച്ച രേഖകളും എഫ്.ബി.ഐ പുറത്തുവിട്ടു. സാൻ ഫ്രാൻസിസ്കോയിലെ പൊലീസ് ഉദ്യോഗസ്ഥനാണ് രാജ്ഞിയെ വധിക്കാൻ ശ്രമമുണ്ടെന്ന് എഫ്.ബി.ഐക്ക് മുന്നറിയിപ്പ് നൽകിയത്. സാൻഫ്രാൻസിസ്കോയിലെ പബ്ബിൽ വെച്ചായിരുന്നു അദ്ദേഹത്തിന് വിവരം ലഭിച്ചത്.
വടക്കൻ അയർലൻഡിൽ വെച്ച് മകൾ വെടിയേറ്റ് കൊല്ലപ്പെട്ടതിന്റെ പ്രതികാരമായി താൻ രാജ്ഞിയെ വധിക്കുമെന്നാണ് ഒരാൾ പബ്ബിൽ വെച്ച് പൊലീസ് ഉദ്യോഗസ്ഥനോട് പറഞ്ഞത്. 1983 ഫെബ്രുവരി നാലിനായിരുന്നു ആ മനുഷ്യൻ ഭീഷണി മുഴക്കിയത്. ആ വർഷം മാർച്ചിലാണ് രാജ്ഞിയും ഭർത്താവ് ഫിലിപ്പ് രാജകുമാരനും കാലിഫോർണിയയിലേക്ക് പോകാൻ തീരുമാനിച്ചത്.
രാജ്‍ഞി യോസ്മിത് നാഷനൽ പാർക്ക് സന്ദർശിക്കുമ്പോഴോ, ഗോൾഡൻ ഗേറ്റ് പാലത്തിൽ വെച്ചോ വധിക്കാനായിരുന്നു പദ്ധതിയെന്നും രേഖകളിൽ പറയുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് ഗോൾഡൻ ഗേറ്റ് പാലം അടച്ച് സന്ദർശകരെ കടത്തിവിടാതെ രാജ്ഞിക്ക് സംരക്ഷണമൊരുക്കാനായിരുന്നു എഫ്.ബി.ഐയുടെ പദ്ധതി. എന്നാൽ നാഷനൽ പാർക്കിൽ എന്തു സംരക്ഷയാണ് ഒരുക്കിയതെന്ന് എഫ്.ബി.ഐ വ്യക്തമാക്കിയില്ല. രാജ്ഞിക്കെതിരെ ഭീഷണി മുഴക്കിയ ആളെ അറസ്റ്റ് ചെയ്ത കാര്യമൊന്നും എഫ്.ബി.ഐ വെളിപ്പെടുത്തിയില്ല. ഇത് സംബന്ധിച്ച് 102 പേജുകളടങ്ങിയ രേഖ എഫ്.ബി.ഐയുടെ ഔദ്യോഗിക വെബ്സൈറ്റിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 1991ൽ രാജ്ഞി യു.എസ് സന്ദർശിച്ചപ്പോൾ, വൈറ്റ്ഹൗസിൽ നടന്ന പരിപാടിയിലും ബേസ്ബോൾ കളിക്കിടെയും ഐറിഷ് വംശജരായ സംഘം പ്രശ്നങ്ങളുണ്ടാക്കുമോ എന്നും ആശങ്കയുണ്ടായിരുന്നു. കഴിഞ്ഞ വർഷമാണ് രാജ്ഞി അന്തരിച്ചത്.