ഹർത്താലിൽ അക്രമം: കണ്ണൂരിലെ പിഎഫ്ഐ പ്രവർത്തകരുടെ സ്ഥാപനങ്ങളിൽ വ്യാപക റെയ്ഡ്

news image
Sep 25, 2022, 3:18 pm GMT+0000 payyolionline.in

കണ്ണൂർ ∙ കേരളത്തിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ച പോപ്പുലർ ഫ്രണ്ട് (പിഎഫ്ഐ) നടത്തിയ ഹർത്താലിലെ അക്രമക്കേസുകളുമായി ബന്ധപ്പെട്ട് കണ്ണൂരിലെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ സ്ഥാപനങ്ങളിൽ വ്യാപക റെയ്ഡ്. താണയിലെ ബി മാർട്ട് ഹൈപ്പർ മാർക്കറ്റിലെ ലാപ്ടോപ്, സിപിയു, മൊബൈൽ ഫോൺ, ഫയലുകൾ എന്നിവ പിടിച്ചെടുത്തു. നഗരത്തിലെ രണ്ടു സ്ഥാപനങ്ങളിൽ കൂടി പരിശോധന നടത്തി. ഇവിടെ നിന്നും ബാങ്ക് ഇടപാടുകളുടെ രേഖകൾ കണ്ടെത്തി.

 

 

മട്ടന്നൂർ, ചക്കരക്കല്ല്, ഇരിട്ടി, ഉളിയിൽ തുടങ്ങിയ സ്ഥലങ്ങളിലും പൊലീസ് പരിശോധന നടത്തി.കണ്ണൂർ റെയിൽവെ സ്റ്റേഷനു മുന്നിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിലും റെയ്ഡ് നടത്തി.നേതാക്കളുടെ സാമ്പത്തിക ശ്രോതസും ഹർത്താൽ ഗൂഢാലോചന കണ്ടെത്തുകയുമാണ് റെയ്ഡിന്റെ ലക്ഷ്യമെന്നാണ് സൂചന.

രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ട് ഓഫിസുകൾ കേന്ദ്രീകരിച്ച് റെയ്ഡ് നടത്തിയതിലും നേതാക്കളെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ചാണ് വെള്ളിയാഴ്ച പോപ്പുലർ ഫ്രണ്ട് ഹർത്താൽ പ്രഖ്യാപിച്ചത്. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ നടന്ന ഹർത്താലിൽ സംസ്ഥാനത്ത് വ്യാപക അക്രമ സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ, സംസ്ഥാന നേതാക്കളെ എൻഐഎ അന്യായമായി അറസ്റ്റ് ചെയ്തത് ഭരണകൂട ഭീകരതയുടെ ഭാഗമാണെന്ന‌ു വിലയിരുത്തിയായിരുന്നു ഹർത്താൽ പ്രഖ്യാപനം. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് എതിർശബ്ദങ്ങളെ നിശബ്ദമാക്കാനുള്ള ആർഎസ്എസ് നിയന്ത്രിത ഫാഷിസ്റ്റ് സർക്കാരിന്റെ ഭരണകൂട വേട്ടക്കെതിരെയാണ് ഹർത്താലെന്നും സംസ്ഥാന കമ്മിറ്റി വാർത്താ കുറിപ്പിൽ അറിയിച്ചിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe