സൗദിയില്‍ ഏത് വിമാനത്താവളത്തിലും ഉംറ തീര്‍ത്ഥാടകര്‍ക്ക് ഇറങ്ങാമെന്ന് മന്ത്രാലയം

news image
Oct 21, 2022, 12:29 pm GMT+0000 payyolionline.in

റിയാദ്: വിദേശ ഉംറ തീര്‍ത്ഥാടകര്‍ക്ക് സൗദിയിലെ ഏത് അന്താരാഷ്ട്ര വിമാനത്താവളം വഴിയും രാജ്യത്ത്  പ്രവേശിക്കുകയും തിരിച്ചു പോവുകയും ചെയ്യാമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രലായം ആവര്‍ത്തിച്ച് വ്യക്തമാക്കി. ഇത് സംബന്ധിച്ച ചോദ്യത്തിന് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് മന്ത്രാലയത്തിന്റെ മറുപടി.

വിദേശ തീര്‍ത്ഥാടകര്‍ ജിദ്ദ, മദീന വിമാനത്താവളങ്ങള്‍ വഴി തന്നെ യാത്ര ചെയ്യണമെന്ന് നിര്‍ബന്ധമില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. മുമ്പ് ഇതുസംബന്ധിച്ച് മന്ത്രാലയം വ്യക്തത നല്‍കിയിരുന്നു. ഇപ്പോഴും ഇക്കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സ്ഥിരീകരണം.

ലോകത്തെ വിവിധ ഭാഗങ്ങളിലുള്ള ഉംറ നിർവഹിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒന്നിലധികം പാക്കേജുകൾ ഒരുക്കിയതായി സൗദി ഹജ്ജ് – ഉംറ മന്ത്രാലയം ആരംഭിച്ച ‘നുസുക്’ ഡിജിറ്റൽ പ്ലാറ്റ്ഫോം അധികൃതർ അറിയിച്ചിരുന്നു. തീർഥാടകർക്ക് കൂടുതൽ സൗകര്യമൊരുക്കുന്നതിനും മക്കയിലും മദീനയിലും എത്തുന്നതിനുള്ള നടപടികൾ ലളിതമാക്കുന്നതിനുമാണ് പാക്കേജുകൾ ഏർപ്പെടുത്തിയത്.

പാക്കേജ് നിരക്ക് 830 സൗദി റിയാൽ (222 ഡോളർ) മുതൽ ആരംഭിക്കുന്നതാണ്. വിസിറ്റ് വിസ ഫീസ്, ഇൻഷുറൻസ് ചാർജ്, അഞ്ച് രാത്രികളിൽ മക്കയിൽ തങ്ങാനുള്ള ചെലവ്, ജിദ്ദ എയര്‍പോര്‍ട്ടില്‍ നിന്നും താമസ സ്ഥലത്തേക്കും തിരിച്ചുമുള്ള യാത്രകള്‍,  എന്നിവയാണ് പാക്കേജിൽ ഉൾപ്പെടുന്നത്. എന്നാൽ സൗദി അറേബ്യയിലേക്കും തിരികെയുമുള്ള വിമാന യാത്ര ടിക്കറ്റുകൾ, ഭക്ഷണം, മറ്റ് വ്യക്തിഗത ചെലവുകൾ എന്നിവ പാക്കേജില്‍ ഉൾപ്പെടില്ല. മക്കയ്ക്കും മദീനക്കുമിടയിൽ സർവിസ് നടത്തുന്ന ഹറമൈൻ എക്‌സ്‌പ്രസ് ട്രെയിനിന്റെ ട്രിപ്പ് സമയം അറിയാനും ടിക്കറ്റുകൾ ബുക്ക് ചെയ്യാനും സഹായകമായി അവരുടെ വെബ്‌സൈറ്റിന്റെ ലിങ്കും ‘നുസുക്’ പ്ലാറ്റ്ഫോമിൽ ചേർത്തിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe