സൗദിക്ക്‌ അടിപതറി; പോളണ്ടിന്‌ ആദ്യജയം

news image
Nov 26, 2022, 4:40 pm GMT+0000 payyolionline.in

ദോഹ : രണ്ടാം അട്ടിമറി ലക്ഷ്യമിട്ടിറങ്ങിയ സൗദിക്ക്‌ അടിപതറി. വീണുകിട്ടിയ പെനാൽറ്റി അടക്കം തുലച്ച കളിയിൽ പോളണ്ടിനോട്‌ രണ്ട്‌ ഗോളിന്റെ തോൽവി ഏറ്റുവാങ്ങി. പോളണ്ടിനായി പിയോറ്റർ സെലിൻസ്‌കി (39), ക്യാപ്റ്റൻ റോബർട്ട് ലെവൻഡോവ്സ്‌കി (81) എന്നിവർ ഗോളടിച്ചു. നിരവധി അവസരങ്ങൾ വീണുകിട്ടിയെങ്കിലും ഒരുതവണപോലും വലകുലുക്കാൻ സൗദിക്കായില്ല.

ആദ്യ കളിയിൽ മെക്‌സിക്കോയോട് ഗോൾ രഹിത സമനില വഴങ്ങിയ പോളണ്ടിന് ഗ്രൂപ്പ് ഘട്ടം കടക്കണമെങ്കിൽ ഇന്നത്തെ കളിയിൽ ജയം അനിവാര്യമായിരുന്നു. അടുത്ത മത്സരത്തിൽ അർജന്റീനയെ തോൽപിച്ചാൽ പോളണ്ടിന് അനായാസം പ്രീക്വാർട്ടർ ഉറപ്പിക്കാം.

അഞ്ചാമത്തെ ലോകകപ്പ്‌ മത്സരത്തിലാണ്‌ പോളണ്ട്‌ ക്യാപ്‌റ്റൻ ലെവൻഡോവ്സ്‌കി ആദ്യ ഗോൾ നേടിയത്‌. മുപ്പത്തിനാലുകാരന്റെ രണ്ടാമത്തെ ലോകകപ്പാണ്‌. റഷ്യയിൽ മൂന്നുകളിയിൽ പന്തുതട്ടിയെങ്കിലും ലക്ഷ്യം കാണാനായില്ല. ഖത്തറിൽ പെനൽറ്റി കിക്ക്‌ എടുത്തുവെങ്കിലും മെക്‌സിക്കൻ ഗോൾകീപ്പർ ഗില്ലർമൊ ഒച്ചോവ തടഞ്ഞിട്ടു. സൗദ്യ അറേബ്യക്കെതിരെ മിന്നും പ്രകടനമാണ്‌ ബാഴ്‌സയുടെ മുന്നേറ്റക്കാരൻ നടത്തിയത്‌.

ആദ്യ ഗോളിന്‌ വഴിയൊരുക്കിയത്‌ ലെവൻഡോവ്‌സ്‌കിയുടെ കിടയറ്റ ക്രോസായിരുന്നു. 65 മിനിറ്റിൽ ലെവൻഡോവ്‌സ്‌കിയുടെ ഹെഡ്ഡർ പോസ്‌റ്റിൽ തട്ടിതെറിക്കുകയും ചെയ്‌തു. പോളണ്ടിനായി 138 കളിയിൽനിന്ന്‌ 77 ഗോൾനേടിയ ലെവൻഡോവ്‌സ്‌കി, പെലെക്കൊപ്പമെത്തി. കളിജീവിതത്തിൽ ആകെ 637 ഗോൾ. ലോകകപ്പ്‌ യോഗ്യതാറൗണ്ടിൽ ഗോൾവർഷംതന്നെ നടത്തിയിരുന്നു ലെവൻഡോവ്‌സ്‌കി. 13 ഗോൾ.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe