സ്വവർഗ വിവാഹ സാധുത: കേന്ദ്ര നിലപാട് അറിയിക്കണം

news image
Nov 26, 2022, 3:23 am GMT+0000 payyolionline.in

ന്യൂഡൽഹി ∙ ഒരേ ലിംഗത്തിൽപെടുന്നവർ തമ്മിലുള്ള വിവാഹത്തിനു സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം സാധുത നൽകണമെന്ന് ആവശ്യപ്പെട്ടു സ്വവർഗാനുരാഗികളായ 2 ദമ്പതികൾ നൽകിയ ഹർജികളിൽ സുപ്രീം കോടതി നോട്ടിസയച്ചു. 4 ആഴ്ചയ്ക്കകം കേന്ദ്ര സർക്കാരും അറ്റോർണി ജനറലും പ്രത്യേകം മറുപടി നൽകണമെന്നു ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.

ദത്തെടുക്കൽ, വാടക ഗർഭധാരണം തുടങ്ങി ഒന്നിച്ചു ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതു വരെയുള്ള കാര്യങ്ങളെ ബാധിക്കുന്നതാണ് വിവാഹ റജിസ്ട്രേഷൻ പ്രശ്നമെന്നാണു ഹർജിക്കാരുടെ വാദം. സ്പെഷൽ മാര്യേജ് ചട്ടം ലിംഗഭേദമില്ലാത്ത വിധത്തിൽ ഭേദഗതി ചെയ്യണമെന്നാണ് ആവശ്യം. ഭരണഘടനയുടെ സംരക്ഷണവും അവകാശങ്ങളും ലിംഗാടിസ്ഥാനത്തിൽ അല്ലെന്നും അവ ഭിന്നലിംഗക്കാരെയും സംരക്ഷിക്കുന്നതാണെന്നും ഹർജിയിലുണ്ട്.

കേരളത്തിലും ഹർജികൾ

കേരള, ഡൽഹി ഹൈക്കോടതികളിലും സമാന ആവശ്യവുമായി 9 ഹർജികൾ നിലവിലുണ്ട്. സ്വവർഗ വിവാഹത്തിന് സ്പെഷൽ മാര്യേജ് ആക്ട്, വിദേശ വിവാഹ നിയമം, ഹിന്ദു വിവാഹ നിയമം എന്നിവ പ്രകാരം സാധുത നൽകണമെന്ന ആവശ്യമാണു വ്യത്യസ്ത ഹർജികളിലായുള്ളത്.

ഹൈക്കോടതികളിലെ സമാന ഹർജികൾ ഒന്നിച്ചു സുപ്രീം കോടതിയിലേക്ക് മാറ്റാൻ ആലോചിക്കുന്നതായി കേന്ദ്ര സർക്കാർ കേരള ഹൈക്കോടതിയെ അറിയിച്ചത് അഭിഭാഷകൻ നീരജ് കൗൾ ചൂണ്ടിക്കാട്ടി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe