സ്കൂൾ വിദ്യാർഥികളെ നാട്ടുകാർ തല്ലിയ സംഭവം; സ്ത്രീത്വത്തെ അപമാനിച്ചതിനു ജാമ്യമില്ലാ വകുപ്പ് ചേർക്കും

news image
Sep 22, 2022, 9:07 am GMT+0000 payyolionline.in

തിരുവനന്തപുരം: വിനോദസഞ്ചാര കേന്ദ്രമായ വെള്ളാണിക്കൽ പാറ കാണാനെത്തിയ സ്കൂൾ വിദ്യാർഥികളെ നാട്ടുകാർ തടഞ്ഞുവയ്ക്കുകയും വടികൊണ്ട് അടിക്കുകയും ചെയ്ത സംഭവത്തിൽ കേസെടുക്കുന്നതിൽ പൊലീസിനു വീഴ്ച വന്നിട്ടുണ്ടോയെന്ന് പരിശോധിക്കാൻ റൂറൽ എസ്പി നിർദേശം നൽകി. അന്വേഷണത്തിന് ജില്ലാ ക്രൈംബ്രാഞ്ച് മേധാവിയെ ചുമതലപ്പെടുത്തിയതായി റൂറൽ എസ്പി ഡി.ശിൽപ പറഞ്ഞു.

 

 

കുട്ടികളെ മർദിച്ച പോത്തൻകോട് ശ്രീനാരായണപുരം കമ്പിടിവീട്ടിക്കോണം വീട്ടിൽ എം.മനീഷിനെ (29) സംഭവദിവസം തന്നെ കസ്റ്റഡിയിലെടുത്തെങ്കിലും ജാമ്യത്തിൽ വിട്ടിരുന്നു. ഈ മാസം നാലിനാണ് സംഭവം നടന്നത്.  അസഭ്യവും അശ്ലീല പദപ്രയോഗവും നടത്തിയതിനും അനധികൃതമായി തടഞ്ഞു നിർത്തിയതിനും ആയുധം ഉപയോഗിച്ച് ആക്രമണം നടത്തിയതിനുമാണ് കേസെടുത്തത്. കേസിന്റെ ഫയൽ ഡിവൈഎസ്പിക്കു കൈമാറാൻ നിർദേശിച്ചിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിച്ചതിനു ഐപിസി 354 ജാമ്യമില്ലാ വകുപ്പുകൂടി ചേർക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു. നിലവിൽ ഒരാളാണ് ആക്രമണത്തിനു പിന്നിലുള്ളതെന്നാണ് മനസിലാകുന്നതെന്നും കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പ്രതി ചേർക്കുമെന്നും റൂറൽ എസ്പി പറഞ്ഞു.

പെൺകുട്ടികൾ ഉൾപ്പെടെയുള്ളവരെ കൈകൊണ്ടും വടി കൊണ്ടും ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടൊണ് മാർച്ച് നാലിനു നടന്ന സംഭവം ചർച്ചയായത്. പോത്തൻകോടിനു സമീപത്തെ സ്കൂളിലെ വിദ്യാർഥികളുൾപ്പെടെ ആറുപേരാണ് വെള്ളാണിക്കൽ പാറയിൽപോയത്. സഹോദരിമാരായ രണ്ടുപേർ ഉൾപ്പെടെ നാലു പെൺകുട്ടികളെയും രണ്ടു ആൺകുട്ടികളെയും ഒന്നിച്ചു കണ്ട നാട്ടുകാരിൽ ചിലർ ചോദ്യം ചെയ്തു. ഒരാൾ കൈ കൊണ്ടും വടി കൊണ്ടും പെൺകുട്ടിയെ മർദിച്ചു.

പെൺകുട്ടി അലറിക്കരഞ്ഞു കൊണ്ട് ഓടുന്നത് ദൃശ്യങ്ങളിലുണ്ട്. ബഹളം കേട്ട് എത്തിയ യുവാവും യുവതിയും സംഭവത്തിന്റെ ദൃശ്യം പകർത്തുകയും ആക്രമണത്തെ ചോദ്യം ചെയ്യുകയും ചെയ്തതോടെ സദാചാരഗുണ്ടകൾ സ്ഥലംവിട്ടു. ഇവരാണ് പൊലീസിൽ വിവരം അറിയിച്ചത്. മർദനമേറ്റ പെൺകുട്ടിയുടെ അമ്മയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. സുഹൃത്തിന്റെ വീട്ടിൽ ഓണാഘോഷത്തിനു പോകാൻ വീട്ടിൽനിന്നും അനുവാദം വാങ്ങിയാണ് പോയതെന്നു മർദനത്തിനിരയായ സഹോദരികളുടെ അമ്മ പറയുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe