സിപിഐ സംസ്ഥാന സമ്മേളനം 30 മുതൽ

news image
Sep 25, 2022, 1:10 am GMT+0000 payyolionline.in

തിരുവനന്തപുരം: സിപിഐയുടെ 24–ാം പാർട്ടി കോൺഗ്രസിനു മുന്നോടിയായുള്ള സംസ്ഥാന സമ്മേളനം 30 മുതൽ ഒക്ടോബർ 3 വരെ തിരുവനന്തപുരത്തു ചേരും. 30നു പുത്തരിക്കണ്ടം മൈതാനത്തു പൊതുസമ്മേളനവും 1 മുതൽ 3 വരെ  ടഗോർ തിയറ്ററിൽ പ്രതിനിധി സമ്മേളനവും നടക്കും. പുതിയ സംസ്ഥാന കൗൺസിലിനെ 3നു തിരഞ്ഞെടുക്കും. 1നു വൈകിട്ടു നാലിനു ടഗോർ തിയറ്ററിൽ സംഘടിപ്പിക്കുന്ന ‘ഫെഡറലിസവും കേന്ദ്ര–സംസ്ഥാന ബന്ധങ്ങളും’ സെമിനാറിൽ മുഖ്യമന്ത്രി പിണറായി വിജയൻ, തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ എന്നിവർ പങ്കെടുക്കും.

 

30നു വൈകിട്ടു 4നു പുത്തരിക്കണ്ടം മൈതാനത്ത് പതാക, ബാനർ, കൊടിമര ജാഥകൾ സംഗമിക്കും. വയലാർ രക്തസാക്ഷി മണ്ഡപത്തിൽനിന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി.ജിസ്മോന്റെ നേതൃത്വത്തിൽ എത്തിക്കുന്ന പതാക സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഏറ്റുവാങ്ങും. ശൂരനാട് രക്തസാക്ഷി മണ്ഡപത്തിൽനിന്ന് എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രന്റെ നേതൃത്വത്തിൽ എത്തിക്കുന്ന ബാനർ സംസ്ഥാന അസി.സെക്രട്ടറി കെ.പ്രകാശ്ബാബുവും  നെയ്യാറ്റിൻകര സ്വദേശാഭിമാനി–വീരരാഘവൻ സ്മൃതി മണ്ഡപത്തിൽനിന്നു കിസാൻസഭ സംസ്ഥാന പ്രസിഡന്റ് ജെ.വേണുഗോപാലൻനായരുടെ നേതൃത്വത്തിലെത്തിക്കുന്ന കൊടിമരം സംസ്ഥാന അസി.സെക്രട്ടറി സത്യൻ മൊകേരിയും ഏറ്റുവാങ്ങും. പൊതുസമ്മേളന വേദിയിൽ ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ പതാക ഉയർത്തും. പൊതുസമ്മേളനം കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.

 

കുടപ്പനക്കുന്ന് ജയപ്രകാശ് രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് മഹിളാ സംഘം സംസ്ഥാന സെക്രട്ടറി പി.വസന്തത്തിന്റെ നേതൃത്വത്തിൽ എത്തിക്കുന്ന ദീപശിഖ 1ന് 9.30നു ടഗോർ തിയറ്ററിൽ കാനം രാജേന്ദ്രൻ ഏറ്റുവാങ്ങും. സി.ദിവാകരൻ പതാക ഉയർത്തും. തുടർന്നു പ്രതിനിധി സമ്മേളനം ജനറൽ സെക്രട്ടറി ഡി.രാജ ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ റിപ്പോർട്ട്, പ്രവർത്തന റിപ്പോർട്ട് എന്നിവയിൽ മൂന്നു ദിവസം ചർച്ച നടക്കും. 2ന് അയ്യങ്കാളി ഹാളിൽ ‘ഗാന്ധിജിയും ഇന്നത്തെ ഇന്ത്യയും’ എന്ന വിഷയത്തിൽ സെമിനാർ നടക്കും. പരിസ്ഥിതി പ്രവർത്തക വന്ദന ശിവ ഉദ്ഘാടനം ചെയ്യും. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം അധ്യക്ഷത വഹിക്കും.

563 പ്രതിനിധികളാണു സമ്മേളനത്തിൽ പങ്കെടുക്കുകയെന്നു കാനം രാജേന്ദ്രൻ, സ്വാഗത സംഘം ചെയർമാൻ മന്ത്രി ജി.ആർ.അനിൽ, ജനറൽ കൺവീനർ മാങ്കോട് രാധാകൃഷ്ണൻ എന്നിവർ അറിയിച്ചു. പൊതുസമ്മേളന വേദിക്കു പി.കെ.വാസുദേവൻനായരുടെയും പ്രതിനിധി സമ്മേളനവേദിക്കു വെളിയം ഭാർഗവന്റെയും പേരാണു നൽകിയിരിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe