സിനിമയില്‍ നിന്ന് പ്രചോദനം, എന്‍ജിനീയര്‍ ഇ-കൊമേഴ്‌സ് സൈറ്റില്‍നിന്ന് മോഷ്ടിച്ചത് 2 കോടി

news image
Jan 9, 2023, 12:58 pm GMT+0000 payyolionline.in

സിനിമാക്കഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് യുവ എഞ്ചിനീയര്‍ ഇ-കൊമേഴ്‌സ് സൈറ്റില്‍നിന്ന് മോഷ്ടിച്ചത് 3,00,000 ഡോളര്‍ 2.4 കോടി രൂപ). യുഎസ് ആസ്ഥാനമായ ഇ-കൊമേഴ്സ് വെബ്സൈറ്റായ സുലിലിയുടെ  മുന്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ ആണ് സിനിമാക്കഥ അനുകരിച്ച് വന്‍മോഷണം നടത്തിയത്. 1999-ല്‍ പുറത്തിറങ്ങിയ ‘ഓഫീസ് സ്പേസ്’ എന്ന സിനിമയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ആണ് ഇയാള്‍ സൈറ്റില്‍ നിന്ന് 3,00,000 ഡോളര്‍ മോഷ്ടിച്ചത്. ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

എര്‍മെനില്‍ഡോ വാല്‍ഡെസ് കാസ്ട്രോ എന്ന 28 -കാരനാണ് ഇത്തരത്തില്‍ ഒരു വന്‍ തട്ടിപ്പ് നടത്തിയതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. സുലിലിയുടെ വിലകളില്‍ ഇയാള്‍ കൃത്രിമം കാണിക്കുകയും ഷിപ്പിംഗ് ഫീസ് തന്റെ സ്വകാര്യ അക്കൗണ്ടിലേക്ക് തിരിച്ചുവിടാന്‍ അതിന്റെ എച്ച് ടി എം എല്‍ കോഡില്‍ മാറ്റം വരുത്തുകയും ചെയ്തു. ഈ തിരിമറിയിലൂടെ ഇലക്ട്രോണിക് പേയ്മെന്റായി ഏകദേശം 260,000 ഡോളറും ചരക്കുകളിലായി 40,000 ഡോളറും ഇയാള്‍ തട്ടിയെടുത്തതായാണ് പോലീസ് റിപ്പോര്‍ട്ട് .

 

1999-ലെ ‘ഓഫീസ് സ്‌പേസ്’ എന്ന സിനിമയുടെ പ്രമേയം കോര്‍പ്പറേറ്റ് വെട്ടിച്ചുരുക്കലിനും  മുതലാളിമാര്‍ക്കും എതിരെ പ്രതികാരം ചെയ്യുന്നതിനായി ഓഫീസ് ജീവനക്കാര്‍ അവരുടെ കമ്പനിയുടെ ബാങ്കിംഗ് സംവിധാനം ഹാക്ക് ചെയ്ത് പണം മോഷ്ടിക്കുന്നതാണ്. ഈ സിനിമയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് കൊണ്ടാണ്  കാസ്ട്രോ തന്റെ തട്ടിപ്പ് ആസൂത്രണം ചെയ്തത്. അതുകൊണ്ടുതന്നെ തന്റെ പദ്ധതിക്ക് സിനിമയുടെ അതേ പേരായിരുന്നു നല്‍കിയിരുന്നതെന്നും ഇയാള്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.

ഇയാളുടെ ലാപ്‌ടോപ്പ് പരിശോധിച്ച പോലീസ് ‘ഓഫീസ്സ്പേസ് പ്രോജക്റ്റ്’ എന്ന പേരില്‍ മോഷണത്തിന്റെ മുഴുവന്‍ വിവരങ്ങളും പരാമര്‍ശിക്കുന്ന ഒരു ഡോക്യുമെന്റും കണ്ടെത്തിയിട്ടുണ്ട്. 2018-ല്‍ ആണ് സുലിലിയുടെ ഷോപ്പിംഗ് എക്സ്പീരിയന്‍സ് ടീമില്‍ കാസ്ട്രോ പ്രവര്‍ത്തിച്ചത്, കൂടാതെ ഉപഭോക്തൃ ചെക്ക് ഔട്ടിന്റെ കോഡിംഗില്‍ നേരിട്ടുള്ള പങ്കാളിത്തവും ആ കാലയളവില്‍ ഇയാള്‍ക്ക് ഉണ്ടായിരുന്നു. ആ അറിവ് വെച്ചായിരുന്നു കോഡിങ്ങില്‍ തിരിമറി നടത്തി ഇയാള്‍ സ്വന്തം അക്കൗണ്ടിലേക്ക് പണം കടത്തിയിരുന്നതെന്നാണ് പൊലീസ് പറയുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe