സിദ്ദീഖിന്റെ മൃതദേഹം കൊണ്ടുപോയതെന്ന് കരുതുന്ന കാർ കണ്ടെത്തി; മൃതദേഹത്തിന് ഏഴുദിവസത്തെ പഴക്കമെന്ന് പൊലീസ്

news image
May 26, 2023, 10:11 am GMT+0000 payyolionline.in

കോഴിക്കോട്: ഹോട്ടലുടമയെ കൊലപ്പെടുത്തി ട്രോളി ബാഗുകളിലാക്കി ഉപേക്ഷിച്ച സംഭവത്തിൽ മൃതദേഹം കൊണ്ടുപോയതെന്ന് കരുതുന്ന കാർ കണ്ടെത്തി. കൊല്ലപ്പെട്ട സിദ്ദീഖിന്റെ തന്നെ ഉടമസ്ഥതയിലുള്ള ഹോണ്ട സിറ്റി കാറാണ് തൃശൂർ ചെറുതുരുത്തിയിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. വാഹനം ജില്ലാ ഫോറൻസിക് സയൻസ് ലബോറട്ടറി ഓഫിസിലേക്ക് മാറ്റി.

സിദ്ദീഖിന്‍റെ കൊലപാതകത്തിൽ മൂന്നുപേരെ കസ്റ്റഡിയിലെടുത്തതായി മലപ്പുറം എസ്.പി സുജിത്ത് ദാസ് അറിയിച. പിടിയിലായ മൂന്നുപേരും കൊലപാതകത്തിൽ പങ്കാളികളായെന്നും വ്യക്തിപരമായ കാരണങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. മൃതദേഹത്തിന് ഏഴുദിവസത്തെ പഴക്കമുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ.

മേയ് 18നാണ് കോഴിക്കോട് ഒളവണ്ണയി​ലെ ചിക്ക് ബേക്ക് ഹോട്ടലുടമ മലപ്പുറം തിരൂർ പി.സി പടി സ്വദേശി മേച്ചേരി സിദ്ദീഖിനെ (58) കാണാതായത്. കേസിൽ മുഖ്യപ്രതി വല്ലപ്പുഴ സ്വദേശി ഷിബിലി (22), പെൺസുഹൃത്ത് ഫർഹാന (18), ആഷിഖ് എന്നിവ​രാണ് പൊലീസ് പിടിയിലായത്. കൊലപാതകം നടന്ന കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ സിദ്ദീഖിനൊപ്പം മൂവരും ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

18ന് ഒളവണ്ണയിലെ ഹോട്ടലിൽ എത്തിയപ്പോൾ, രണ്ടാഴ്ചയായി ഹോട്ടലിൽ ജോലി ചെയ്യുന്ന ഷിബിലിയുടെ സ്വഭാവദൂഷ്യം മറ്റുജീവനക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. വൈകീട്ട് തന്നെ ഷിബിലിയെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു. തുടർന്ന് എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ സിദ്ദീഖും ഷിബിലിയും ഫർഹാനയും രണ്ടുറൂമുകൾ എടുത്തിരുന്നു. ഇവിടെ വെച്ചാണ് ക്രൂരകൃത്യം നടത്തിയത്.

സിദ്ദീഖിനെ കാണാനില്ലെന്ന് കാണിച്ച് മകൻ തിരൂർ പൊലീസിന് പരാതി നൽകിയിരുന്നു. ആഴ്ചയിൽ നാട്ടിൽ വരാറുള്ള സിദ്ദീഖിനെ കുറിച്ച് ഒരുവിവരവും ലഭിക്കാതായതോടെയാണ് പരാതി നൽകിയത്. ഇതേതുടർന്ന് തിരൂർ സി.ഐ എം.ജെ. ജിജോയുടെ നേതൃത്വത്തിലുള്ള പൊലീസ് അന്വേഷണം ആരംഭിക്കുകയും ബുധനാഴ്ച എരഞ്ഞിപ്പാലത്തെ ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തപ്പോഴാണ്​ കൊലപാതകത്തിന്​ തെളിവ് ലഭിച്ചത്.

ഹോട്ടലിൽ സിദ്ദീഖടക്കം മൂന്ന് പേരാണ് മുറിയെടുത്തത്. എന്നാൽ, തിരിച്ചുപോയത് രണ്ടുപേർ മാത്രമാണ്. സി.സി.ടി.വിയിൽ, രണ്ടുപേർ ഒരു ബാഗുമായി പോവുന്നതായി പൊലീസ് കണ്ടതിനെ തുടർന്ന്​​ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം കണ്ടെത്താൻ സാധിച്ചത്​. അഗളിയിലെ കൊക്കയിലാണ് മൃതദേഹത്തിന്റെ ഭാഗങ്ങൾ തള്ളിയത്. അന്വേഷണത്തിൽ സിദ്ദീഖിന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് പണം നഷ്ടമായതായി കണ്ടെത്തി. ചെർപ്പുളശ്ശേരി സ്വദേശിയാണ് ശിബിലി. ഇവരെ ചെന്നൈയിൽ വെച്ചാണ് കസ്റ്റഡിയിലെടുത്തത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഹോട്ടലിൽ വെച്ച് കൊലപാതകം നടന്നെന്ന് വ്യക്തമായത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe