സരിതയെ കൊല്ലാൻ ശ്രമിച്ചെന്ന കേസ്: വിനു കുമാറിന്റെ ഫോൺ രേഖകൾ ശേഖരിച്ചു തുടങ്ങി

news image
Nov 26, 2022, 10:52 am GMT+0000 payyolionline.in

തിരുവനന്തപുരം∙ സോളർ കേസ് പ്രതി സരിത എസ്.നായരെ ഭക്ഷണത്തിൽ പലതവണയായി രാസവസ്തു ചേർത്ത് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ഡ്രൈവർ വിനു കുമാറിന്റെ ഫോൺ രേഖകൾ ക്രൈംബ്രാഞ്ച് ശേഖരിച്ചു തുടങ്ങി. ചോദ്യം ചെയ്യലിനു ഹാജരാകാൻ വിനു കുമാറിനു നോട്ടിസ് നൽകി. സരിത നൽകിയ പീഡനക്കേസിലെ പ്രതികളുമായി വിനു കുമാർ ഗൂഢാലോചന നടത്തി രാസവസ്തു ഭക്ഷണത്തിൽ കലർത്തിയെന്നാണ് സരിതയുടെ പരാതി. ഫോൺ രേഖകൾ പരിശോധിക്കുന്നതോടെ ഇതിൽ വ്യക്തത വരുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.

സരിതയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായതിനെ തുടർന്നാണ് ക്രൈംബ്രാഞ്ച് എഫ്ഐആർ റജിസ്റ്റർ ചെയ്തത്. വിനു കുമാറിന്റെ വീട്ടിൽ പരിശോധന നടത്തിയെങ്കിലും അന്വേഷണത്തിനു സഹായകരമായ വിവരങ്ങൾ ലഭിച്ചില്ല. രാസവസ്തു കഴിച്ചതിനെ തുടർന്ന് ഗുരുതരമായ ശാരീരിക പ്രശ്നങ്ങൾ ഉണ്ടായെന്നും ഇടതു കണ്ണിന്റെ കാഴ്ച കുറഞ്ഞെന്നും സരിത പറയുന്നു. ഇടതു കാലിനും സ്വാധീനക്കുറവുണ്ടായി. രോഗം ബാധിച്ചതിനെത്തുടർന്ന് ചികിത്സ  തേടിയപ്പോഴാണ് വിവരം പുറത്തറിഞ്ഞതെന്നാണ് സരിത പറയുന്നത്. രക്തത്തിൽ അമിത അളവിൽ ആഴ്സനിക്, മെര്‍ക്കുറി, ലെഡ് എന്നിവയുടെ സാന്നിധ്യം കണ്ടെത്തി.

പരാതിക്കാരിയെ ചതിയിലൂടെ കൊലപ്പെടുത്തി സാമ്പത്തിക ലാഭം ഉണ്ടാക്കുകയെന്ന ഉദ്ദേശ്യത്തോടെ വിനു കുമാർ, സരിത നൽകിയ പീഡന പരാതിയിലെ പ്രതികളുമായി ഗൂഢാലോചന നടത്തിയെന്നാണ് എഫ്ഐആറിൽ പറയുന്നത്. 2018 മുതൽ കൊലപാതകശ്രമം ആരംഭിച്ചതായി സരിത പറയുന്നു. ശാരീരിക ബുദ്ധിമുട്ടുകൾ നേരിട്ടപ്പോൾ വിഷ വസ്തുവിന്റെ സാന്നിധ്യം സംശയിച്ചെങ്കിലും ആരാണെന്ന് തിരിച്ചറിയാൻ കഴിയാത്തതിനാൽ പരാതി നൽകിയില്ല. 2022 ജനുവരി 3ന് യാത്രയ്ക്കിടെ കരമനയിലെ ഒരു ജൂസ് കടയിൽ വച്ചാണ് വിനു കുമാറാണ് രാസവസ്തു കലർത്തിയതെന്നു മനസിലായതെന്നും പരാതിയിൽ വ്യക്തമാക്കിയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe