ഷാരോൺ വധം: കേസ്​ തമിഴ്​നാടിന്​ കൈമാറില്ല, കേരള പൊലീസുതന്നെ അന്വേഷിക്കും

news image
Nov 24, 2022, 4:37 pm GMT+0000 payyolionline.in

തിരുവനന്തപുരം: പാറശ്ശാല മുര്യങ്കര സ്വദേശി ഷാരോൺ രാജിനെ കാമുകി ഗ്രീഷ്മ വിഷം കൊടുത്ത്​ കൊലപ്പെടുത്തിയ കേസ് തമിഴ്നാടിന്​ കൈമാറില്ല. കേസ് കേരള പൊലീസ്​ അന്വേഷിക്കുന്നതിന്​ തടസ്സമില്ലെന്ന നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ്​ തീരുമാനം. അന്വേഷണം തമിഴ്​നാട്​ പൊലീസിനെ ഏൽപിക്കരുതെന്ന ആവശ്യവുമായി ഷാരോണിന്‍റെ ബന്ധുക്കൾ മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു.

കേസ്​ തമിഴ്​നാട്​ പൊലീസിന്​ കൈമാറണമെന്നായിരുന്നു ആദ്യ നിയമോപദേശം. അതിന്‍റെ അടിസ്ഥാനത്തിൽ അഡ്വക്കറ്റ്​ ജനറൽ, ഡയറക്ടർ ജനറൽ ഓഫ്​ പ്രോസിക്യൂഷൻ എന്നിവരുടെ അഭിപ്രായം പൊലീസ്​ തേടി. തിരുവനന്തപുരം മെഡിക്കൽ കോളജിലാണ് ഷാരോൺ മരിച്ചതെങ്കിലും ഗ്രീഷ്മയുടെ വീട്ടിൽവെച്ചാണ് കഷായം നൽകിയത്. ഗ്രീഷ്മയുടെ വീട് സ്ഥിതിചെയ്യുന്ന രാമവർമൻചിറ തമിഴ്നാട്ടിലെ പളുകൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണ്. ഷാരോണിന്റെ വീട്ടുകാരുടെ പരാതിയിൽ പാറശ്ശാല പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവം നടന്നത് തമിഴ്നാട്ടിലായതിനാൽ കേസ് തമിഴ്നാട് പൊലീസിനു കൈമാറണോ എന്ന് ആശയക്കുഴപ്പം ഉണ്ടായ സാഹചര്യത്തിലാണ് നിയമോപദേശം തേടിയത്.

വിചാരണവേളയിൽ സംഭവം നടന്നത്​ തമിഴ്​നാട്ടിലാണെന്ന വാദം പ്രതിഭാഗം ഉന്നയിക്കാൻ സാധ്യതയുണ്ടെന്ന്​ നിയമോപദേശം ലഭിച്ചിരുന്നു. എന്നാൽ, കേസ്​ അന്വേഷിച്ചതും പ്രതികളെ പിടികൂടിയതും ഷാരോണിന്‍റെ മൊഴി രേഖപ്പെടുത്തിയതുമെല്ലാം കേരള പൊലീസാണ്​. ആ സാഹചര്യത്തിൽ കേരള പൊലീസ്​ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുന്നതിൽ പ്രശ്നമില്ലെന്ന നിയമോപ​ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ്​ തീരുമാനം.

എത്രയുംവേഗം അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുകയാണ്​ പൊലീസിന്‍റെ ലക്ഷ്യം. ശാസ്ത്രീയ തെളിവുകൾ 90 ദിവസത്തിനകം ലഭിക്കുമെന്ന്​ ഉദ്യോഗസ്ഥർ പറയുന്നു. ഗ്രീഷ്മയുടെ ശബ്ദസാമ്പ്​ൾ അടക്കം ശാസ്ത്രീയ പരിശോധനക്കു​ കൈമാറി​.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe