ശ്രദ്ധയുടെ മൃതദേഹം ഫ്രിഡ്ജിലിരിക്കെ അഫ്താബ് ഫ്ലാറ്റിലേക്ക് ക്ഷണിച്ച യുവതി ഡോക്ടർ, പൊലീസ് മൊഴിയെടുത്തു

news image
Nov 26, 2022, 8:58 am GMT+0000 payyolionline.in

ദില്ലി: ശ്രദ്ധയുടെ മൃതദേഹം ഫ്രിഡ്ജിലിരിക്കെ കാമുകൻ അഫ്താബ് പൂനാവാല ഫ്ലാറ്റിലേക്ക് ക്ഷണിച്ച സ്ത്രീ ഡോക്ടറാണെന്ന് പൊലീസ് കണ്ടെത്തി. ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട സ്ത്രീയെയാണ് അഫ്താബ് ഫ്ലാറ്റിലേക്ക് ക്ഷണിച്ചത്. ഈ സമയം ശ്രദ്ധയുടെ മൃതദേഹം 35 കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. ‘ബംബിൾ’ എന്ന ഡേറ്റിങ് ആപ്പിലൂടെയാണ് ക്ലിനിക്കൽ സൈക്കോളജിസ്റ്റായ യുവതിയുമായി അഫ്താബ് പരിചപ്പെടുന്നത്. പിന്നീട് ഇവരെ ഫ്ലാറ്റിലേക്ക് ക്ഷണിച്ചു. യുവതിയില്‍ നിന്ന് പൊലീസ് വിവരങ്ങള്‍ തേടി. ഡേറ്റിങ് ആപ്പ് അധികൃതരുമായും പൊലീസ് ബന്ധപ്പെട്ടിട്ടുണ്ട്. ആപ് വഴി അഫ്താബ് നിരവധി സ്ത്രീകളുമായി പരിചയം സ്ഥാപിച്ചിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. ശ്രദ്ധയെയും ഈ ആപ് വഴിയാണ് അഫ്താബ് പരിചയപ്പെടുന്നതും അടുപ്പത്തിലാകുന്നതും.

അന്വേഷണത്തിന്റെ ഭാ​ഗമായി അഫ്താഹബിനെ നുണപരിശോധനയായ പോളിഗ്രാഫ് ടെസ്റ്റിന് വിധേയനാക്കി. നാർക്കോ അനാലിസിസ് ടെസ്റ്റും നടത്തും. രോഹിണിയിലെ ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ (എഫ്‌എസ്‌എൽ) പോളിഗ്രാഫ് ടെസ്റ്റിന്റെ മൂന്നാം സെഷൻ ഇന്നലെ പൂർത്തിയായി. പോളി​ഗ്രാഫ് ടെസ്റ്റിന്റെ മൂന്ന് ഘട്ടവും പൂർത്തിയായതായി മുതിർന്ന എഫ്എസ്എൽ ഉദ്യോഗസ്ഥൻ പറഞ്ഞു. ഇനി നാർക്കോ അനാലിസിസ് ടെസ്റ്റും നടത്തും. തുടർന്ന് ഫോറൻസിക് വിദഗ്ധർ മൊഴികൾ പരിശോധിച്ച് വിശകലനം ചെയ്ത് റിപ്പോർട്ട് തയ്യാറാക്കും. റിപ്പോർട്ടിൽ തൃപ്തികരമല്ലെങ്കിൽ വീണ്ടും ടെസ്റ്റ് നടത്താൻ സാധ്യതയുണ്ട്. റിപ്പോർട്ടിന്റെ ഫലത്തെ അടിസ്ഥാനമാക്കി, നാർക്കോ അനാലിസിസ് നടത്തുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും അധികൃതർ അറിയിച്ചു.

കൊലപാതകത്തിലേക്ക് നയിച്ച സംഭവവികാസങ്ങൾ, ശ്രദ്ധയുമായുള്ള പ്രതിയുടെ ബന്ധം, ബന്ധത്തിലെ പ്രശ്നങ്ങൾ, ശരീരഭാഗങ്ങൾ വലിച്ചെറിഞ്ഞ സ്ഥലം, ഉപയോഗിച്ച ആയുധം തുടങ്ങി കേസുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങളാണ് പോളി​ഗ്രാഫിൽ ഉണ്ടായിരുന്നത്. മൊഴിയിലെ പൊരുത്തക്കേടുകൾ പരിശോധിക്കാനായിരുന്നു ഉദ്ദേശമെന്നും രണ്ട് മൂന്ന് ദിവസത്തിനകം ഫലം അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ശ്രദ്ധയുടെ തലയോട്ടിയും ശേഷിക്കുന്ന ശരീരഭാഗങ്ങളും മൃതദേഹം വെട്ടിമുറിക്കാൻ ഉപയോഗിച്ച പ്രധാന ആയുധവും പൊലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe