വീട്ടുജോലിക്കാരിയെ മര്‍ദ്ദിച്ച് വാരിയെല്ലൊടിച്ചു; നഷ്ടപരിഹാരമായി 15 ലക്ഷം രൂപ

news image
Oct 7, 2022, 9:03 am GMT+0000 payyolionline.in

അബുദാബി: യുഎഇയിലെ അല്‍ ഐനില്‍ വീട്ടുജോലിക്കാരിയെ ക്രൂരമായി മര്‍ദ്ദിക്കുകയും വാരിയെല്ലു പൊട്ടിക്കുകയും ചെയ്ത കേസില്‍ തൊഴിലുടമയായ സ്ത്രീ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി. 70,000 ദിര്‍ഹം (15 ലക്ഷം രൂപ)യാണ് നഷ്ടപരിഹാരമായി നല്‍കേണ്ടത്. പ്രാഥമിക കോടതിയുടെ ശിക്ഷ അല്‍ ഐന്‍ അപ്പീല്‍സ് കോടതി ശരിവെക്കുകയായിരുന്നു.

വീട്ടുടമസ്ഥ ജോലിക്കാരിയായ സ്ത്രീയെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. മര്‍ദ്ദനത്തില്‍ വീട്ടുജോലിക്കാരിയുടെ വാരിയെല്ലുകള്‍ പൊട്ടുകയും നട്ടെല്ലിന് ക്ഷതമേല്‍ക്കുകയും ചെയ്തു. തനിക്കേറ്റ ശാരീരിക, മാനസിക പ്രയാസങ്ങള്‍ക്ക് തൊഴിലുടമ 100,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് വീട്ടുജോലിക്കാരി കേസ് ഫയല്‍ ചെയ്തിരുന്നതായി ഔദ്യോഗിക രേഖകളില്‍ വ്യക്തമാക്കുന്നു. വീട്ടുജോലിക്കിടെ തൊഴിലുടമയുടെ ഭാര്യ തന്നെ മര്‍ദ്ദിക്കുകയായിരുന്നെന്ന് സ്തീ പറഞ്ഞു.

വയറ്റിലും നെഞ്ചിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും ശക്തമായി ഇടിക്കുകയും മുഖത്തും കണ്ണിലും ഉള്‍പ്പെടെ മര്‍ദ്ദിക്കുകയും ചെയ്തതായി വീട്ടുജോലിക്കാരി കൂട്ടിച്ചേര്‍ത്തു. വീട്ടുജോലിക്കാരിയെ മര്‍ദ്ദിച്ചതിന് 2,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്നാണ് ക്രിമിനല്‍ കോടതി വിധിച്ചത്. നഷ്ടപരിഹാരത്തിനായി കേസ് ഫയല്‍ ചെയ്യാനും കോടതി വീട്ടുജോലിക്കാരിയോട് നിര്‍ദ്ദേശിച്ചു. പരിക്കേറ്റതിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ഇവര്‍ കോടതിയില്‍ ഹാജരാക്കി. പ്രാഥമിക കോടതി ചുമതലപ്പെടുത്തിയ ഫോറന്‍സിക് ഡോക്ടറുടെ പരിശോധനയില്‍ യുവതിയുടെ വാരിയെല്ലുകള്‍ക്കും നട്ടെല്ലിനും പൊട്ടലുണ്ടെന്ന് കണ്ടെത്തി. ഇത് മൂലം യുവതിക്ക് ശാരീരിക പ്രയാസങ്ങളുണ്ടെന്നും 20 ശതമാനം വൈകല്യമുണ്ടായതായും ഡോക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രാഥമിക സിവില്‍ കോടതി തൊഴിലുടമയായ സ്ത്രീ യുവതിക്ക് 70,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവിട്ടിരുന്നു. ഈ വിധിക്കെതിരെ തൊഴിലുടമ അപ്പീല്‍ കോടതിയെ സമീപിച്ചു. എന്നാല്‍ അപ്പീല്‍ കോടതിയും പ്രാഥമിക കോടതി വിധി ശരിവെക്കുകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe