വീട്ടമ്മയെ വെട്ടി തീകൊളുത്തി കൊന്ന കേസില്‍ അയല്‍വാസി പിടിയില്‍

news image
Nov 26, 2022, 10:05 am GMT+0000 payyolionline.in

ചെറുതോണി∙ ഇടുക്കി നാരകക്കാനത്തെ വീട്ടമ്മയെ ഗ്യാസ് തുറന്ന് വിട്ട് തീകൊളുത്തിക്കൊന്ന കേസില്‍ പ്രതി പിടിയില്‍. കുമ്പിടിയമാക്കല്‍ ചിന്നമ്മ ആന്റണിയെ കൊലപ്പെടുത്തിയ കേസില്‍ അയൽവാസിയും പൊതു പ്രവർത്തകനുമായ നാരകക്കാനം വെട്ടിയാങ്കൽ തോമസ് വർഗീസ് (സജി-54) ആണ് പിടിയിലായത്. കമ്പത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. മോഷണം തടഞ്ഞപ്പോഴാണ് ചിന്നമ്മയെ കൊലപ്പെടുത്തിയതെന്ന്് ഇയാള്‍ പൊലീസിനോട് സമ്മതിച്ചു. വീട്ടില്‍നിന്നു മോഷ്ടിച്ച വളയും മാലയും ഇയാള്‍ പണയം വച്ചു.

വെട്ടുകത്തിയുടെ പുറകുവശം കൊണ്ട് തലക്ക് അടിച്ചുവീഴ്ത്തിയ ശേഷം വെട്ടി. തുടര്‍ന്ന് ജീവനോടെ കത്തിച്ചു കൊല്ലുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് നാലരയോടെയാണ് ചിന്നമ്മ ആന്റണിയെ വീടിനുള്ളില്‍ കത്തിക്കരിഞ്ഞു മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവം നടന്ന സമയത്ത് ചിന്നമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മകനും മരുമകളും ഇവരുടെ മൂന്ന് മക്കളുമാണ് വീട്ടില്‍ താമസിച്ചിരുന്നത്. കൊച്ചുമകള്‍ സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയപ്പോഴാണ് കത്തിക്കരിഞ്ഞ നിലയില്‍ ചിന്നമ്മയുടെ മൃതദേഹം കണ്ടത്. ഗ്യാസ് സിലിണ്ടര്‍ മറിഞ്ഞ് വീണുകിടക്കുന്ന നിലയിലായിരുന്നു. അപകടമാണെന്നാണ് ആദ്യം കരുതിയത്.

 

സംഭവം മോഷണത്തിനിടെ നടന്ന കുറ്റകൃത്യമെന്നു പൊലീസ് സ്ഥിരീകരിച്ചിരുന്നു. വീട്ടമ്മ ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങളാണ് മോഷണം പോയത്. വീടിനെയും വീട്ടുകാരെയും കുറിച്ച് വ്യക്തമായ ധാരണയുള്ളവരാണു സംഭവത്തിനു പിന്നിലെന്നും പൊലീസ് കണ്ടെത്തി. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് സജി കുടുങ്ങിയത്.

മറ്റാരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണു കുറ്റവാളി വീട്ടിലെത്തി കൃത്യം നടത്തിയതെന്നാണു കരുതുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ഒട്ടേറെ പ്രദേശവാസികളെയും അതിഥിത്തൊഴിലാളികളെയും കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ ചോദ്യം ചെയ്തിരുന്നു. ഗ്രാമീണമേഖലയില്‍ സിസിടിവി ക്യാമറകള്‍ ഏറെ ഇല്ലാത്തത് അന്വേഷണത്തെ ബാധിച്ചിരുന്നു. മൊബൈല്‍ ലൊക്കേഷനും ഫോണ്‍ വിളികളും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.

ജില്ലാ പൊലീസ് മേധാവി വി.യു.കുര്യാക്കോസിന്റെ മേല്‍നോട്ടത്തില്‍ കട്ടപ്പന ഡിവൈഎസ്പി നിഷാദ്‌മോന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണച്ചുമതല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe