വിഴിഞ്ഞത്ത് സംഘര്‍ഷം, സമരക്കാരും പൊലീസും തമ്മില്‍ ഉന്തുംതള്ളും

news image
Sep 18, 2022, 12:23 pm GMT+0000 payyolionline.in

തിരുവനന്തപുരം: വിഴിഞ്ഞം വാണിജ്യ തുറമുഖത്തിനെതിരെ ആയിരങ്ങളെ അണിനിരത്തി ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ ബഹുജന മാർച്ച്. മത്സ്യബന്ധന തുറമുഖത്ത് നിന്ന് പദ്ധതി പ്രദേശത്തേക്കായിരുന്നു മാർച്ച്. പദ്ധതി പ്രദേശത്തേക്ക് തള്ളിക്കയറാൻ ശ്രമിക്കുന്നതിനിടെ സമരക്കാരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. തുറമുഖത്തെ അനുകൂലിച്ച് ബൈക്ക് റാലി നടത്തിയവരേയും പൊലീസ് തടഞ്ഞു.

 

മൂലമ്പള്ളിയിൽ നിന്ന് ബുധനാഴ്ച തുടങ്ങിയ ജനബോധനയാത്ര അഞ്ചു തെങ്ങിലൂടെ കടന്ന് വിഴിഞ്ഞം മൽസ്യബന്ധന തുറമുഖത്ത് സമാഗമിച്ചു. അവിടെ നിന്ന് വൈദികരും വിശ്വാസികളും മൽസ്യത്തൊഴിലാളികളും അണിനിരന്ന് പദ്ധതി പ്രദേശത്തേക്ക് മാർച്ച് നടന്നു. സമര പന്തലിന് അടുത്തെത്തിയപ്പോൾ പദ്ധതി പ്രദേശത്തേക്ക് കടക്കാൻ സമരക്കാര്‍ ശ്രമം നടത്തി. ബാരിക്കേഡ് ഉപയോഗിച്ച് സമരക്കാരെ തടഞ്ഞ പൊലീസുമായി വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി.

സമര പന്തലിൽ അഡ്വ . പ്രശാന്ത് ഭൂഷൺ ഉദ്ഘാടനം ചെയ്ത സമാപന സമ്മേളനത്തിനിന് ഇടയിലും സംഘർഷമുണ്ടായി. പദ്ധതിയെ അനുകൂലിക്കുന്ന നാട്ടുകാരുടെ കൂട്ടായ്മയും സ്ഥലത്ത് എത്തിയെങ്കിലും സമരപ്പന്തലിന് എതിർ വശത്ത് പൊലീസ് തടഞ്ഞു. സംഘർഷം ഒഴിവാക്കാൻ ഇരുവർക്കുമിടയിൽ പൊലീസ് മതിൽ തീർത്തു. നാളെ മുതൽ അടുത്ത മാസം മൂന്നു വരെ 24 മണിക്കൂർ ഉപവാസം നടത്തി സമരം ശക്തമാക്കാനാണ് സമരസമിതി തീരുമാനം. സംസ്ഥാന വ്യാപകമായി ഐക്യദാർഡ്യ സമ്മേളനങ്ങളും നടത്തും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe