ടെല്‍ അവീവ്: ഇസ്രായേലിലെ അഷ്കിലോണിൽ മിസൈലാക്രമണത്തിൽ മലയാളി നഴ്സിന് പരിക്കേറ്റത് നാട്ടിലുള്ള ഭർത്താവുമായി ഫോണിൽ സംസാരിക്കുന്നതിനിടെ. കണ്ണൂർ പയ്യാവൂർ ശ്രീകണ്ഠപുരം വളക്കൈ സ്വദേശി ഷീജ ആനന്ദിനാണ്(41) ജോലി സ്ഥലത്തുവച്ച് ഹമാസ് നടത്തിയ മിസൈൽ ആക്രമണത്തിൽ പരിക്കേറ്റത്. ഭർത്താവുമായി വീഡിയോ കോളിൽ സംസാരിക്കുന്നതിനിടെയായിരുന്നു അപ്രതീക്ഷിതമായി മിസൈൽ പതിച്ചത്.
ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്. ഈ സമയം ഷീജ ഭർത്താവ് ആനന്ദുമായി വീഡിയോ കോളിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. പുറത്ത് വലിയശബ്ദം കേൾക്കുന്നുണ്ടെന്ന് ഷീജ ഭർത്താവിനോട് പറഞ്ഞിരുന്നു. ഇസ്രായേലിൽ നടക്കുന്ന ആക്രമണങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനിടെ പെട്ടന്ന് ഫോൺ സംഭാഷണം നിലച്ചു. പിന്നീട് ഭർത്താവും വീട്ടുകാരും ഷീജയെ ബന്ധപ്പെട്ടെങ്കിലും ഫോണ്‍ കണക്ടായില്ല. ഏറെ വൈകിയാണ് അപകട വിവരം അറിയുന്നത്.
മിസൈൽ പൊട്ടിത്തെറിച്ച് ഷീജയുടെ കൈകൾക്കും കാലിനും വയറിനും പരിക്കേറ്റിട്ടുണ്ട്. അടിയന്തര ശസ്ത്രക്രിയകഴിഞ്ഞ ഷീജ ടെൽ അവീവ് ആശുപത്രിയിൽ ചികിത്സയിലാണെന്ന് ബന്ധുക്കൾ പറഞ്ഞു. ഷീജയുടെ സുഹൃത്തുക്കളാണ് വിവരം നാട്ടിൽ അറിയിച്ചത്. ഞായറാഴ്ച ഉച്ചയോടെ ഷീജയെ ചികിത്സിക്കുന്ന ഡോക്ടറുടെ ഫോൺവഴി വീഡിയോകോളിൽ കണ്ടിരുന്നെന്നും നട്ടെല്ലിന് ശസ്ത്രക്രിയ വേണ്ടിവരുമെന്നും കുടുംബം അറിയിച്ചു. അഷ്കിലോണിൽ കെയർടേക്കർ നഴ്സായി ജോലി ചെയ്യുകയായിരുന്നു ഷീജ. കഴിഞ്ഞ ഏഴ് വർഷമായി ഇസ്രായേലിലാണ് ഷീജ ജോലി ചെയ്യുന്നത്. മിസൈൽ ആക്രമണത്തിൽ ഷീജ ജോലിചെയ്യുന്ന വീട്ടിലെ ആളുകൾക്കും പരിക്കേറ്റിട്ടുണ്ട്.