വയനാട് കിണറ്റില്‍ വീണ പുള്ളിപ്പുലിയെ മയക്കുവെടി ഉപയോഗിക്കാതെ സാഹസികമായി രക്ഷപ്പെടുത്തി

news image
Oct 7, 2022, 12:27 pm GMT+0000 payyolionline.in

വയനാട്: വയനാട് തവിഞ്ഞാല്‍ പഞ്ചായത്തിലെ പുതിയിടത്ത് ഇന്ന് പുലർച്ചെയോടെയാണ് പുലി കിണറ്റില്‍ വീണത്. രാവിലെ മുതല്‍ ആരംഭിച്ച രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ വൈകീട്ടോടെ പുലിയെ രക്ഷപ്പെടുത്തി. മൂത്തേടത്ത് ജോസിന്‍റെ വീട്ടിലെ കിണറ്റിലാണ് പുലി വീണത്. രാവിലെ 6 മണിക്കാണ് പുലി കിണറ്റിൽ വീണ കാര്യം വീട്ടുകാർ അറിയുന്നത്. രാവിലെ തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. ഉടനെ നോർത്ത് വയനാട് ഡിഎഫ്ഒ യുടെ നേതൃത്വത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പുലിയ രക്ഷപ്പെടുത്താനുള്ള ശ്രമമാരംഭിച്ചു.

ഈ കിണറ്റില്‍ നിന്നാണ് ജോസിന്‍റെ കുടുംബം വെള്ളം എടുക്കുന്നത്. രാവിലെ കിണറ്റില്‍ നിന്നും മോട്ടോര്‍ ഉപയോഗിച്ച് വെള്ളം അടിച്ചെങ്കിലും വെള്ളം വന്നില്ല. ഇതിനെ തുടര്‍ന്ന് വീട്ടുകാരെത്തി കിണര്‍ പരിശോധിച്ചപ്പോഴാണ്, കിണറ്റില്‍ പുലി വീണ് കിടക്കുന്നത് കണ്ടത്. കിണറ്റിന് ചുറ്റും ഇട്ടിരുന്ന നെറ്റ് തകര്‍ത്താണ് പുലി കിണറ്റില്‍ വീണത്. കുടിവെള്ളം മുട്ടിയെന്നാണ്  വീട്ടുടമയുടെ പരാതി. കിണറ്റില്‍ നിന്നും വീട്ടിലേക്ക് വെള്ളം എത്തിക്കുന്ന പൈപ്പുകളെല്ലാം തന്നെ പുലി കടിച്ചുമുറിച്ചിട്ടുണ്ട്. മയക്കുവെടി സംഘം വയനാട്ടിൽ ഇല്ലാത്തതിനാൽ രക്ഷാപ്രവർത്തനം വൈകി. പിന്നീട് തമിഴ്നാട് മുതുമലയിലെ വനം വകുപ്പ് സംഘത്തിന്‍റെ സഹായം തേടി. വൈകീട്ടോടെ വലയിൽ കുടുക്കിയ പുലിയെ കിണറ്റിൽ നിന്ന് പുറത്തെടുത്തു. മയക്കുവെടി വെക്കാതെയായിരുന്നു രക്ഷാപ്രവർത്തനം. 30 അടി താഴ്ചയുള്ള കിണറിൽ നിന്നാണ് പുലിയെ രക്ഷപ്പെടുത്തിയത്.

ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നത് വരെ കൂട്ടില്‍ തന്നെ പുലിയെ പാര്‍പ്പിക്കും. ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടാല്‍ പുലിയെ ഉള്‍വനത്തിലേക്ക് തുറന്ന് വിടും. ആറ് വയസ് പ്രായം തോന്നിക്കുന്ന പുലിയെയാണ് രക്ഷപ്പെടുത്തിയത്. ഇര തേടുന്നതിനിടെ കിണറിൽ അകപ്പെട്ടതാവാം എന്നാണ് നിഗമനം. പ്രാഥമിക ചികിത്സ നൽകുന്നതിന്  മൃഗപരിപാലന കേന്ദ്രത്തിലേക്ക് പുലിയെ മാറ്റി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe